മാഡ്രിഡ് : സ്‌പെയിനിൽ വീണ്ടും കാളപ്പോര് ആരംഭിച്ചു. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്നും പടിഞ്ഞാറ് 55 മൈൽ അകലെയുള്ള അവിലയിലാണ് മത്സരം നടന്നത്. കൊവിഡ് ലോക്ക്ഡൗണിന് ശേഷം ഇതാദ്യമായാണ് കാളപ്പോര് സംഘടിപ്പിക്കുന്നത്. സ്പെയിൻകാരുടെ ആവേശമായ കാളപ്പോര് ലോകത്തെ ഏറ്റവും അപടകം പിടിച്ച വിനോദങ്ങളിൽ ഒന്നാണ്. കൊവിഡിനിടെയിലും കാളപ്പോര് സംഘിപ്പിച്ചെതിനെതിരെ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കാളയെ കാളപ്പോരുകാരൻ ( മാറ്റഡോർ ) കൊല്ലുകയും ചെയ്തു. രക്തത്തിൽ കുളിച്ചു കിടക്കുന്ന കാളയുടെ ചിത്രങ്ങൾ സ്പാനിഷ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. വളരെ കുറച്ച് പേരാണ് കാഴ്ചക്കാരായുണ്ടായിരുന്നത്.
സ്പെയിനിൽ ലോക്ക്ഡൗൺ വന്നതോടെ കാളപ്പോരുകാരുടെയെല്ലാം വരുമാനം നിലച്ചിരുന്നു. സ്പെയിനിന്റെ പരമ്പരാഗത കായിക വിനോദമാണെങ്കിലും ജീവികളെ ഉപദ്രവിച്ചു കൊണ്ടുള്ള മനുഷ്യന്റെ ഇത്തരം ക്രൂര പ്രവൃത്തികൾക്ക് നിരോധനമേർപ്പെടുത്തണമെന്നാണ് ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള മൃഗസംരക്ഷകർ പറയുന്നത്. ചില സമയങ്ങളിൽ കാളയുടെ ആക്രമണത്തിൽ കാളപ്പോരുകാരനും കളത്തിൽ മരിച്ചു വീണേക്കാം.
അതേ സമയം, കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്പെയിനിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവാണുണ്ടായിരിക്കുന്നത്. മാർച്ച് പകുതി മുതൽ മേയ് പകുതി വരെയുള്ള ലോക്ക്ഡൗൺ കാലയളവിനിടെ വൈറസ് വ്യാപനം കുറയ്ക്കാൻ സാധിച്ച സ്പെയിൻ ഇപ്പോൾ കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടാകുമോ എന്ന ഭീതിയിലാണ്. 325,862 പേർക്കാണ് സ്പെയിനിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 28,434 പേർ മരിച്ചു.