2

പൂവാർ: ചെറുതായൊന്ന് മുട്ടിയാൽപോലും പൊട്ടുന്ന മുട്ടത്തോടിൽ മുട്ടൻ വിസ്‌മയങ്ങൾ അടവച്ച് ലോകറെക്കാഡുകൾ വിരിയിക്കുകയാണ് കേരളത്തിലെ ആദ്യ എഗ് ആർട്ടിസ്റ്രായ ജിജിൻ എസ്.കുമാർ. ഒരു കോഴി മുട്ടയിൽ 12,500 സുഷിരങ്ങളിട്ട് സ്വന്തം യൂണിവേഴ്സൽ വേൾഡ് റെക്കാഡ് തിരുത്തിയിരിക്കയാണ് തിരുവനന്തപുരം നെല്ലിമൂട് സ്വദേശിയായ ജിജിൻ. ഒരു മുട്ടയിൽ 10,500 സുഷിരങ്ങൾ എന്ന സ്വന്തം റെക്കാഡ് മറികടക്കാൻ ഒന്നരവർഷത്തോളം എടുത്തു. നാല്പത്തിയാറ് മുട്ടത്തോടുകളിൽ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് വിജയം കണ്ടത്.

എൻസൈക്ലോപീഡിയ വേൾഡ് എഗ്ഗ് ആർട്ട് അസോസിയേഷനിൽ അംഗമായ ഈ ഇരുപത്തിയാറുകാരൻ ഏറ്റവും കൂടുതൽ എഗ്ഗ് ആർട്ട് ചെയ്ത പ്രായം കുറഞ്ഞ ആർട്ടിസ്റ്റെന്ന റെക്കാഡും സ്വന്തമാക്കിയിട്ടുണ്ട്. കോഴി, ഒട്ടകപ്പക്ഷി , എമു,പല്ലി, കാട എന്നിവയുടെ മുട്ടകളിലാണ് ജിജിൻ കലാവിരുത് പ്രകടിപ്പിക്കുന്നത്. ഇതുവരെ അഞ്ഞൂറോളം മുട്ടത്തോടുകൾക്ക് ജിജിൻ പുതുരൂപം നൽകിയിട്ടുണ്ട് .

മുട്ടയുടെ അനാട്ടമി വരച്ചു പഠിച്ചാണ് ജിജിൻ എഗ്ഗ് ആർട്ടിലേക്ക് വന്നത്. ഒരു വർക്കിന് നാല് മണിക്കൂർ വീതം ഇരുപത്തിയഞ്ച് ദിവസം വരെ ചെലവഴിക്കാറുണ്ട്. മുട്ടത്തോട് തൊട്ടാൽ പൊട്ടുമെന്നതിനാൽ വളരെ സൂക്ഷ്മതയോടെയും ക്ഷമയോടെയും കൈകാര്യം ചെയ്യാൻ തുടക്കം മുതലേ പഠിച്ചിരുന്നു. വിദേശ എഗ്ഗ് ആർട്ട് ഉപകരണങ്ങളല്ല ജിജിന്റേത്. കൈകൾ കൊണ്ട് ചെയ്യുന്നതിനാൽ മുട്ടയിൽ അടുത്തടുത്ത് സുഷിരങ്ങളിടാൻ സാധിക്കും. സൂചി,അരം, ഹാക്സോ ബ്ലേഡ്,സ്വർണപ്പണിക്കുള്ള ഉപകരണങ്ങൾ തുടങ്ങിയവയാണ് ജിജിൻ ഉപയോഗിക്കുന്നത്.

മുട്ടത്തോടുകളിൽ ജിജിൻ തീർത്ത സുന്ദര രൂപങ്ങൾ തേടി നിരവധി പേരാണെത്തുന്നത്. ഓർഡർ സ്വീകരിച്ചും ആർട്ട് ചെയ്തുനൽകുന്നു‌. 1000 രൂപ മുതലാണ് വില. എഗ്ഗ് ആർട്ടിന്റെ വരുമാനത്തിന്റെ ഒരുപങ്ക് ജിജിനും സുഹൃത്തുക്കളും 'കാപ്പോ' എന്ന തങ്ങളുടെ സംഘടന വഴി നിർദ്ധന കുട്ടികളുടെ പഠനത്തിനായി നൽകുന്നുണ്ട്.

വിവിധ രാജ്യങ്ങളിലെ നാണയങ്ങളുടെ ശേഖരണമാണ് ജിജിന്റെ മറ്റൊരു ഇഷ്ടം. ഒപ്‌റ്റോമെട്രിസ്റ്റ് ജോലി രാജിവെച്ച് തുടർപഠനം നടത്തുന്ന ജിജിന് കൃഷിയും മീൻ വളർത്തലുമുണ്ട്.

''ഏറ്റവും ഇഷ്ടപ്പെടുന്നതും പഠിക്കാൻ ആഗ്രഹിക്കുന്നതും, എന്നാൽ പ്രയാസമുള്ളതുമായ കാര്യം മുട്ടയിൽ കൊത്തുപണി ചെയുന്ന 'എഗ്ഗ്കാർവിംഗാ'ണ് -ജിജിൻ