xavi-hernandes

ദോഹ : തന്റെ ജീവിതത്തിലെ പരമപ്രധാനമായ ലക്ഷ്യം സ്പാനിഷ് ഫുട്ബാൾ ക്ളബ് ബാഴ്സലോണയുടെ പരിശീലകനാവുകയെന്നതാണെന്ന് ക്ളബിന്റെ മുൻ താരം കൂടിയായ ചാവി ഹെർണാണ്ടസ് വ്യക്തമാക്കി. ഇപ്പോൾ ഖത്തറിലെ അൽ സാദ് ക്ളബിന്റെ പരിശീലകനായ ചാവി കൊവിഡ് ബാധയെത്തുടർന്ന് ക്വാറന്റൈനിലാണ്. സ്പാനിഷ് സ്പോർട്സ് പത്രം മാർക്കയുമായുള്ള ഒാൺലൈൻ ചാറ്റിലാണ് ചാവി തന്റെ ലക്ഷ്യം വ്യക്തമാക്കിയത്.

ഇൗ വർഷമാദ്യം ബാഴ്സയുടെ പരിശീലകനായി ചുമതലയേറ്റ ക്വിക്കെ സെറ്റിയാനുമായി മെസി അടക്കമുള്ള താരങ്ങൾക്ക് യോജിച്ചുപോകാൻ കഴിയുന്നില്ലെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ചാവി കോച്ചായി വരണമെന്ന് മെസി ആഗ്രഹിക്കുന്നതായും വാർത്തകൾ ഉണ്ടായിരുന്നു. സെറ്റിയാനെ നിയമിക്കുന്നതിന് മുമ്പ് ചാവി കോച്ചാകുമെന്നായിരുന്നു ശ്രുതി.

ബാഴ്സയാണ് തന്റെ പരമമായ ലക്ഷ്യമെങ്കിലും ഇപ്പോൾ അതിനായി ധൃതി വയ്ക്കുന്നില്ലെന്ന് ചാവി വ്യക്തമാക്കി. ഇപ്പോൾ അൽ സാദിന്റെ കോച്ചായി തുടരാനാണ് ഇഷ്ടം. സെറ്റിയാനെ പുറത്താക്കി അടുത്ത സീസണിൽ താൻ ബാഴ്സയിലേക്കെത്തും എന്നത് അഭ്യൂഹമാണെന്നും ചാവി വ്യക്തമാക്കി. പരിശീലകൻ എന്ന നിലയിൽ അനുഭവ പരിചയം ആർജിക്കാൻ വേണ്ടിയാണ് ചാവി ഖത്തറിലെ ക്ളബ് തിരഞ്ഞെടുത്തത്.

തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഒറ്റയ്ക്ക് കഴിയേണ്ടിവരുന്നതിലെ വിഷമം മാത്രമേ ഉള്ളൂവെന്നും ചാവി പറഞ്ഞു. 2015 ൽ ബാഴ്സ വിട്ടശേഷം അൽ സാദിന് വേണ്ടി കളിക്കുകയായിരുന്നു ചാവി. കഴിഞ്ഞ വർഷമാണ് പരിശീലക സ്ഥാനം ഏറ്റെടുത്തത്.2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഇതിഹാസ വിജയമാകുമെന്നും ചാവി പ്രത്യാശ പ്രകടിപ്പിച്ചു.