തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ 170 പേർ നെഗറ്റീവായി. 65 വയസുള്ള സെൽവമാണി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് വലിയ രീതിയിൽ തലസ്ഥാനത്ത് പടർന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലയിൽ 18 പേരിൽ പരിശോധന നടത്തുമ്പോൾ ഒരാൾ പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരത്തെ ലോക്ക്‌ഡൗൺ നീട്ടണമോ ഇളവ് വേണമോ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം ഇന്നുണ്ടാകും. എല്ലാം അടച്ചിടുക എന്ന നടപടിയല്ല സ്വീകരിക്കാൻ പോകുന്നത്. എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മേനംകുളം കിൻഫ്ര പാർക്കിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ക്ലസ്റ്ററുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി രോഗ വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. തീരദേശത്തിന് പുറമെ ചില സ്ഥലങ്ങളിലും രോഗ വ്യാപനം രൂക്ഷമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാപ്പിഡ് ആന്റിജൻ പരിശോധന ഈ മാസം നാലാം തീയതി മുതൽ ജില്ലയിൽ നടത്തുന്നുണ്ട്. പുല്ലുവിള ഉൾപ്പെടെയുള്ള കടലോര മേഖലയിൽ 1150 ടെസ്റ്റുകൾ ഇന്ന് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.35 ടീമുകളാണ് തിരുവനന്തപുരത്തെ ക്ലസ്റ്റർ മേഖലകളിൽ പ്രവർത്തിക്കുന്നത്. ഓരോ ടീമിനും 50 കിറ്റുകൾ വീതമാണ് നൽകിയിരിക്കുന്നത്.
പാറശാല താലൂക്ക് ആശുപത്രിയിലെ 2 രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശസ്ത്രക്രീയ വാർഡിലെ രോഗികൾക്കാണ് കൊവിഡ് ബാധിച്ചത്. ആശുപത്രിയിലെ നാല് കൂട്ടിരിപ്പുകാർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
സെക്രട്ടേറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം ഇന്നലെയും സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിക്കെത്തിയിരുന്നുവെന്നാണ് വിവരം. ഇയാളുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരത്തെ പൂവാർ ഫയർ സ്റ്റേഷനിൽ കൊവിഡ് പടരുന്നതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ഒമ്പത് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പൂവാർ ഫയർ സ്റ്റേഷനിൽ ആകെ രോഗികളുടെ എണ്ണം 12 ആയി. പതിനൊന്ന് ജീവനക്കാർ നിലവിൽ നിരീക്ഷണത്തിലാണ്.