ലണ്ടൻ: സമുദ്ര നിരപ്പിൽ നിന്നും 3,209 അടി ഉയരമുള്ള പർവതത്തിൽ മഞ്ഞിനടിയിൽ കുടുങ്ങിയ 'രക്ഷകൻ നായയെ' രക്ഷിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ആ പർവതാരോഹകർക്ക്.
മലയിറങ്ങുമ്പോൾ വീണു പരിക്കേറ്റ 55 കിലോയുള്ള ഡെയ്സി എന്ന നായയെ ചുമന്ന് മലയടിവാരത്തിലെത്തിച്ചതിന് പ്രത്യുപകാരമെന്നേ പറയാനുള്ളൂ. കാരണം ഡെയ്സി ഉൾപ്പെടുന്ന സെന്റ് ബെർണാഡ് ഇനത്തിൽപ്പെട്ട നായ്ക്കൾ പർവ്വതാരോഹകരെ സഹായിക്കുന്നതിൽ പേരുകേട്ട വംശമാണ്. മിക്കപ്പോഴും അപകടത്തിൽപ്പെടുന്ന പർവ്വതാരോഹകർക്ക് രക്ഷകരാകുന്നത് സഹചാരികളായ സെന്റ് ബെർണാഡ് ഇനത്തിൽപ്പെട്ട നായ്ക്കളാണ്. ഇത്തവണ പതിവ് തെറ്റി. നായക്ക് രക്ഷകരായത് 16 അംഗ പർവതാരോഹക സംഘമാണ്.
ഇംഗ്ളണ്ടിലെ ഏറ്റവും ഉയരമുള്ള പർവ്വതമായ സ്കഫെൽ പൈക്കിലാണ് സംഭവം. ഉടമയോടൊപ്പം വെള്ളിയാഴ്ച മലയിറങ്ങുമ്പോൾ വീണതിനെത്തുടർന്നാണ് ഡെയ്സിക്ക് പരിക്കേറ്റത്. അഞ്ച് മണിക്കൂർ സമയമെടുത്താണ് ഡെയ്സിയെ രക്ഷാ സംഘം താഴ്വരയിൽ എത്തിച്ചത്.
'പിൻകാലുകൾക്ക് പരിക്കേറ്റതിനാൽ ഡെയ്സിക്ക് അനങ്ങാനാവുമായിരുന്നില്ല. ചെന്നയുടൻ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സ്ട്രെച്ചറിൽ ഡെയ്സിയെ താഴ്‌വാരയിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. തങ്ങൾക്കും വളർത്തു നായ്ക്കളും പൂച്ചകളും ഉണ്ട്. അതിന് പരിക്കേറ്റാൽ ഉടമയ്ക്കുണ്ടാകുന്ന വിഷമം മനസിലാക്കാൻ തങ്ങൾക്ക് കഴിയും. ഡെയ്സി സുഖം പ്രാപിച്ചുവരികയാണെന്നും" രക്ഷാപ്രവർത്തകർ വ്യക്തമാക്കി.
വാസ്‌ഡേൽ മൗണ്ടൻ റെസ്‌ക്യൂ ടീം എന്ന സംഘമാണ് ഡെയ്സിയെ രക്ഷിക്കാൻ നേതൃത്വം നൽകിയത്.