മുംബയ്: ലോക കായിക രംഗത്ത് കായിക ക്ഷമതയുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലിയുടെ സ്ഥാനം. ഡയറ്രിലും ഫിറ്ര്‌നസിലും യാതൊരുവിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്തതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. എത്ര തിരക്കുണ്ടായാലും വ്യായമവും ഭക്ഷണക്രമ വും കൊഹ്‌ലി തെറ്രിക്കാറില്ല. എന്നാൽ യാതൊരു അച്ചടക്കവുമില്ലലാതെ കാണുന്നതെല്ലാം വാരിവലിച്ചു കഴിച്ചിരുന്ന ഒരു കൊഹ്‌ലിയുണ്ടായിരുന്നു. നാല്പത് മിഠായികൾ അടങ്ങിയ എക്ലയേഴ്സ് ചോക്ലേറ്ര് പായ്‌ക്കറ്ര് നാല് ദിവസം കൊണ്ട് തീർത്തിരുന്ന കൊഹ്‌ലി...മായങ്ക് അഗർവാളുയുള്ള ലൈവ്ചാറ്ര് ഷോയിലാണ് കൊഹ്‌ലി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 2012ലെ ഐ.പി.എൽ സീസണിലെ ആവർത്തിച്ചുള്ള പരാജയങ്ങളാണ് തന്റെ ജീവിതം മാറ്റിയതെന്ന് കൊഹ്‌ലി ഇന്റർവ്യൂവിൽ വ്യക്തമാക്കി.
കൊഹ്‌ലിയുടെ വാക്കുകളിൽ നിന്ന്...
2012ലെ ഐ.പി.എൽ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഇനി ഇങ്ങനെ പോയാൽ പോര മാറ്രം വരണമെന്ന് എനിക്ക് മനസിലായി. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.ലോകത്ത് ക്രിക്കറ്റ് മാറിക്കൊണ്ടിരിക്കുകയാണെന്നും നമ്മൾ വളരെ പിന്നിലാണെന്നും എനിക്കും ഭയമായി. ഫിറ്ര്‌നസിന്റെ കാര്യത്തിൽ വിദേശ താരങ്ങൾ നമ്മളെക്കാൾ വളരെ മുന്നിലായിരുന്നു. ശൈലികൾ മാറ്രം വരുത്തിയേ തീരൂ എന്ന് ഞാനുറപ്പിച്ചു.
ആ സമയത്ത് എന്റെ മുന്നിൽ വെയ്ക്കുന്നതെന്തും മുഴുവൻ ഞാൻ കഴിക്കുമായിരുന്നു.
2012 ഐ.പി.എൽ സമയത്ത് ഞങ്ങൾ താമസിച്ചിരുന്ന ഐ.ടി.സി ഗാർഡനിലെ മിനി ബാറിൽ എപ്പോഴും ഒരു പായ്ക്കറ്റ് എക്ലയേഴ്സ് മിഠായികൾ സൂക്ഷിക്കും. തീരുമ്പോൾ അവരത് വീണ്ടും നിറയ്ക്കും. 40 മിഠായികൾ അടങ്ങുന്ന ആ പായ്ക്കറ്റ് ഞാൻ നാലോ അഞ്ചോ ദിവസം കൊണ്ട് തിന്നു തീർക്കുമായിരുന്നു. അങ്ങനെയായിരുന്നു ആ സമയത്തെ എന്റെ ഡയറ്റ്. ഒരു ഭ്രാന്തനെ പോലെയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.
എല്ലാം പിടിച്ചടക്കാമെന്ന തോന്നലിലാണ് ഞാൻ ആ ഐ.പി.എല്ലിന് പോയത്. എന്നാൽ കാര്യങ്ങളൊന്നും വിചാരിച്ചതു പോലെയായിരുന്നില്ല. തുടർച്ചയായി പരാജയപ്പെട്ടു. ഞാൻ പിന്നിലായി. പ്രതീക്ഷിച്ചപോലെ ബഹുമാനമോ അഭിനന്ദനങ്ങളോ എനിക്ക് ലഭിച്ചില്ല.
തുടർന്ന് വീട്ടിലെത്തിയ ശേഷം എല്ലാറ്റിലും മാറ്റം വരുത്താൻ തീരുമാനിച്ചു. ഫിറ്റ്നസിലും ഡയറ്റിലും ശ്രദ്ധിക്കാൻ തുടങ്ങി. മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകളും അച്ചടക്കത്തോടെയായി. അഭക്ഷണ ശീലത്തിലും മാറ്റങ്ങളുണ്ടായി . ഫുൾ വെജിറ്റേറിയനായി മാറുന്നതും അന്നു മുതലാണ്. അത് കരിയറിൽ വലിയ പുരോഗതിയ്ക്ക് കാരണമായി.