തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഹോസ്റ്റൽ സെലക്ഷൻ ലിസ്റ്റിലുണ്ടായ വ്യാപകമായ പരാതികൾ പരിഹരിക്കാൻ ഇന്ന് പ്രത്യേക സ്റ്റാൻഡിംഗ് കമ്മിറ്റി ചേരും. ഹോസ്റ്റലിലേക്കുള്ള കായിക താരങ്ങളുടെ എണ്ണം അശാസ്ത്രീയമായും ഗണ്യമായ അളവിലും വെട്ടിക്കുറച്ചത് വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. ഇതേത്തുടർന്ന് കായിക മന്ത്രി ഇ.പി ജയരാജൻ വിഷയത്തിൽ ഇടപെടുകയും പരാതികൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കൗൺസിൽ ഭാരവാഹികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന സ്റ്റാൻഡിംഗ് കമ്മറ്റി യോഗത്തിൽ മന്ത്രി നേരിട്ട് പങ്കെടുത്ത് പരാതികൾ വിലയിരുത്തി. സ്വകാര്യ മാനേജ്മെന്റുകൾക്ക് കീഴിലുള്ള ഹോസ്റ്റലുകളിലും വിദ്യാർത്ഥികളെ നൽകാനും ടീം ഗെയിമുകളിൽ പരിശീലനത്തിന് മതിയായ വിദ്യാർത്ഥികളെ നൽകിയിട്ടില്ലാത്തിടത്ത് അതിന് സൗകര്യമുണ്ടാക്കാനും മന്ത്രി നിർദ്ദേശം നൽകിയിരുന്നു. നിലവിൽ പരിശീലനം നടത്തിവരുന്ന വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തുന്ന വീഡിംഗ് ഒൗട്ട് ഒഴിവാക്കാനും നിർദ്ദേശം നൽകിയ മന്ത്രി സെലക്ഷൻ ലിസ്റ്റിൽ സ്വജനപക്ഷപാതം വേണ്ടെന്ന് കർശന നിർദ്ദേശവും നൽകി. ഇതേത്തുടർന്നാണ് ഇന്ന് സ്റ്റാൻഡിംഗ് കമ്മറ്റി ചേരുന്നത്.