അഡിഡാസ്, പ്യൂമ... സ്‌പോർട്സ്‌വെയർ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്ന രണ്ട് പേരാണ് ഇവ. വർഷങ്ങളായി ആഗോള വിപണിയിലെ ചിരവൈരാഗികളായ ഈ ബ്രാൻഡുകളുടെ മത്സരത്തിന് പിന്നിൽ ഒരു കഥയുണ്ട്. ആജന്മ ശത്രുക്കളായി മാറിയ രണ്ട് സഹോദരൻമാരുടെ കഥ.
1924ൽ ജർമൻ സഹോദരൻമാരായ അഡോൾഫ് ഡാസ്‌ലർ, റുഡോൾഫ് ഡാസ്‌ലർ എന്നിവർ ' ഡാസ്‌ലർ ബ്രദേഴ്സ് ഷൂ ഫാക്‌ടറി ' എന്ന സ്‌പോർട്സ് ഷൂ നിർമാണ കമ്പനി സ്ഥാപിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ബ്രാൻഡ് പ്രസിദ്ധമായി. എന്നാൽ, വിവാഹിതർ ആയതോടെയാണ് ഇരുവരും അകലാൻ തുടങ്ങിയതായും ഇവരുടെ ഭാര്യമാർ പരസ്‌പരം കലഹിച്ചിരുന്നതായും പറയപ്പെടുന്നു.
1943ൽ ജർമനിയിലെ ഒരു ബോംബ് ഷെൽട്ടറിൽ കഴിയുകയായിരുന്ന അഡോൾഫ് ' ആ നായകൾ വീണ്ടും വരുന്നു ' എന്ന് ദേഷ്യത്താൽ ഉറക്കെ പറഞ്ഞു. അന്നേരം അവിടേക്ക് വരികയായിരുന്ന റുഡോൾഫും കുടുംബവും ഇത് കേൾക്കാനിടയായി. തന്നെ ഉദ്ദേശിച്ചാണ് സഹോദരൻ ഇത് പറഞ്ഞതെന്ന് റുഡോൾഫ് കരുതി. പക്ഷേ, യുദ്ധ വിമാനങ്ങൾ കണ്ടാണ് അഡോൾഫ് അങ്ങനെ പറഞ്ഞത്. അന്നു മുതൽ ഇരുവരും ശത്രുക്കളായി. നാസികളുമായുള്ള ബന്ധമാണ് ഇവരെ ശത്രുക്കൾ ആക്കിയതെന്ന വാദവുമുണ്ട്.
ഈ സംഭവത്തിന് ശേഷം അമേരിക്കയിലേക്ക് പോയ റുഡോൾഫ് 1948ൽ തിരിച്ചെത്തി. അഡോൾഫിന്റെ കമ്പനി സ്ഥിതി ചെയ്‌തിരുന്ന നദിയുടെ മറുകരയിൽ തന്റെ കമ്പനി റുഡോൾഫ് സ്ഥാപിച്ചു. അതാണ് പ്യൂമ.
അഡോൾഫ് ' അഡിഡാസ് ' ( അഡോൾഫ് ഡാസ്‌ലർ എന്നതിന്റെ ചുരുക്കം ) എന്ന പേരിൽ ബിസിനസ് തുടർന്നു.
അങ്ങനെ ആജന്മ ശത്രുക്കൾ ആയി മാറിയ അവരുടെ ശത്രുത മരണം വരെ തുടർന്നു.
അഡിഡാസിന്റെയും പ്യൂമയുടെയും ആസ്ഥാനമായ ജർമനിയിലെ ഹെർസോഗെനോറ നഗരം ' ടൗൺ ഒഫ് ബെൻഡ് നെക്ക്സ് ' എന്നാണ് അറിയപ്പെടുന്നത്. മറ്റുള്ളവർ ഏത് ബ്രാൻഡ് ഷൂ ധരിച്ചിരിക്കുന്നു എന്ന് കുനിഞ്ഞ് നോക്കുന്നത് ഇവിടുള്ളവള്ളവരുടെ പതിവാണത്രെ. ! ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌പോർട്സ്‌വെയർ നിർമാതാക്കൾ ആണ് അഡിഡാസ്. തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്ത് തന്നെയുണ്ട് പ്യൂമ. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ആരംഭിച്ച ഈ സഹോദരൻമാരുടെ യുദ്ധം ഇന്ന് വിപണിയിൽ അവരുടെ ബ്രാൻഡുകൾ തമ്മിൽ തുടരുന്നു.