imran-khan

ന്യൂഡൽഹി: പാകിസ്ഥാനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്ഥാൻ കാശ്മീർ വിഘടനവാദിയും ഹുറിയത്ത് നേതാവുമായ സയീദ് അലി ഷാ ഗിലാനിക്ക് നൽകാൻ തീരുമാനിച്ച് രാജ്യം. ജമാഅത്ത്-ഇ-ഇസ്ളാമി സെനറ്ററായ മുഷ്താഖ് അഹമ്മദ് കൊണ്ടുവന്ന പ്രമേയത്തിൽ പാകിസ്ഥാൻ സെനറ്റ് ഒറ്റക്കെട്ടായി ആണ് ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ല.

ഹുറിയത്ത് കോൺഫറൻസ് ചെയർമാൻ സ്ഥാനം കൂടി വഹിച്ചിരുന്ന ഗിലാനിക്ക് പരമോന്നത ബഹുമതി നൽകാൻ തീരുമാനയിച്ചതിലൂടെ ഇന്ത്യയ്‌ക്കെതിരെയുള്ള നിലപാട് കടുപ്പിക്കുകയാണ് പാകിസ്ഥാൻ. കാശ്മീരിന്റെ പ്രത്യേക പദവികൾ ഇന്ത്യ എടുത്തുകളഞ്ഞതിന്റെ ഒന്നാം വാർഷികം ഇത്തരത്തിൽ അടയാളപ്പെടുത്താനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത്.

ഇന്ത്യ ശക്തമായ തീരുമാനം കൈകൊണ്ട ദിവസം 'കരിദിന'മായി ആചരിക്കാനും പാകിസ്ഥാന് പദ്ധതിയുണ്ട്. ഇതിനെ തുടർന്ന് പാകിസ്ഥാൻ നടത്തുന്ന നിരവധി പരിപാടികളിൽ ഇന്ത്യാ-വിരുദ്ധ നിലപാട് കൈക്കൊണ്ടിട്ടുള്ള നിരവധി പേരാണ് ക്ഷണിതാക്കൾ. ശേഷം, നിരവധി വിദേശ പത്രപ്രവർത്തകരെ പാക് അധീനതയിലുള്ള കാശ്മീരിലേക്കും നിയന്ത്രിത മേഖലകളിലേക്കും എത്തിച്ചുകൊണ്ട് ഇന്ത്യയെ കരിവാരിതേക്കാനും പാകിസ്ഥാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.