england-cricket

മാഞ്ചസ്റ്റർ : കൊവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇംഗ്ളണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 269 റൺസിന് വിജയിച്ചാണ് ഇംഗ്ളണ്ട് 2-1 എന്ന മാർജിനിൽ മൂന്ന് മത്സര പരമ്പര നേടിയെടുത്തത്.ആദ്യ ടെസ്റ്റിൽ നാലുവിക്കറ്റിന് വിൻഡീസ് ജയിച്ചിരുന്നു.രണ്ടാം ടെസ്റ്റിൽ 113 റൺസിന് ജയിച്ചാണ് ആതിഥേയർ പരമ്പരയിലേക്ക് തിരികെയെത്തിയത്.

മാഞ്ചസ്റ്ററിൽ അവസാന ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 399 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിനെ129 റൺസിൽ ആൾഒൗട്ടാക്കിയാണ് ഇംഗ്ളണ്ട് വിജയം ആഘോഷിച്ചത്. മൂന്നാം ദിനം വൈകുന്നേരം രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചിരുന്ന വിൻഡീസ് അന്ന് സ്റ്റംപ് എടുക്കുമ്പോൾ 10/2 എന്ന നിലയിലായിരുന്നു. നാലാം ദിനം മുഴുവൻ മഴ അപഹരിച്ചിരുന്നു. അവസാന ദിനമായ ഇന്നലെയും ഇടയ്ക്കിടെ മഴയെത്തിയെങ്കിലും കിട്ടിയ സമയംകൊണ്ട് ഇംഗ്ളീഷ് ബൗളർമാർ വിൻഡീസ് നിരയെ അരിഞ്ഞിടുകയായിരുന്നു.ആദ്യ ഇന്നിംഗ്സിൽ ആറും രണ്ടാം ഇന്നിംഗ്സിൽ നാലും വിക്കറ്റുകൾ നേടിയിരുന്ന പേസർ സ്റ്റുവർട്ട് ബ്രോഡാണ് മത്സരത്തിലെ മാൻ ഒഫ് ദ മാച്ചായത്.

മൂന്നാം ദിനത്തിലെ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയിരുന്ന സ്റ്റുവർട്ട് ബ്രോഡ് ഇന്നലെ രാവിലെ കരിയറിലെ അഞ്ഞൂറാം വിക്കറ്റ് തികച്ചാണ് പ്രഹരം തുടങ്ങിയത്.ഒാപ്പണർ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റിനെയാണ് (19 )ബ്രോഡ് രാവിലെ പുറത്താക്കിയത്. തുടർന്ന് ഷായ് ഹോപ്(31),ഷമാർ ബ്രൂക്ക്സ് (22) എന്നിവരെ ക്രിസ് വോക്സ് പുറത്താക്കി.റോസ്റ്റൺ ചേസ്(7) റൺഒൗട്ടായി.ഇതോടെ വിൻഡീസ് 84/5 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞു.

ലഞ്ചിന് ശേഷം ഹോൾഡർ(12),ഡോവ്റിച്ച് (8), കോൺവാൾ(2) എന്നിവരെ ഞൊടിയിടയിൽ പുറത്താക്കി വോക്സ് അഞ്ചുവിക്കറ്റ് തികച്ചു.ബ്ളാക്ക് വുഡിനെ പുറത്താക്കി ബ്രോഡാണ് കളി അവസാനിപ്പിച്ചത്.

ആദ്യ ഇന്നിംഗ്സിൽ 369 റൺസ് നേടിയിരുന്ന ഇംഗ്ളണ്ട് വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 197ൽ അവസാനിപ്പിച്ചശേഷം രണ്ടാം ഇന്നിംഗ്സിൽ അതിവേഗത്തിൽ 226/2 എന്ന സ്കോറിൽ ഡിക്ളയർ ചെയ്യുകയായിരുന്നു.

ഇംഗ്ളണ്ട് ഇനി അടുത്തമാസം പാകിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കും. പാകിസ്ഥാൻ ടീം ഇംഗ്ളണ്ടിലെത്തിക്കഴിഞ്ഞു.

അഞ്ഞൂറാൻ ബ്രോഡ്

ഇംഗ്ളീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ് ടെസ്റ്റിൽ 500 വിക്കറ്റുകൾ തികച്ചു

മാഞ്ചസ്റ്റർ : ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന ഏഴാമത്തെ ബൗളറായി ഇംഗ്ളീഷ് പേസർ ചരിത്രത്തിലേക്ക് ചുവടുവെച്ചു. ഇന്നലെ മാഞ്ചസ്റ്ററിൽ വിൻഡീസുമായുള്ള മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റിനെ എൽ.ബിയിൽ കുരുക്കിയാണ് ബ്രോഡ് നാഴികക്കല്ല് താണ്ടിയത്. മൂന്നാം ടെസ്റ്റിന് മുമ്പ് 491 വിക്കറ്റുകളായിരുന്നു ബ്രോഡിന്റെ നേട്ടം. മാഞ്ചസ്റ്ററിലെ ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റുകളാണ് ബ്രോഡ് നേടിയത്.രണ്ടാം ഇന്നിംഗ്സിൽ മൂന്നാം വിക്കറ്റെടുത്തപ്പോൾ അഞ്ഞൂറാനായി. മാഞ്ചസ്റ്ററിൽ ബാറ്റിംഗിലും ബ്രോഡ് തിളങ്ങിയിരുന്നു.45 പന്തുകളിൽ 62 റൺസ് അടിച്ചുകൂട്ടി തന്റെ 13-ാമത് ടെസ്റ്റ് അർദ്ധസെഞ്ച്വറിയിലെത്തിയ ബ്രോഡ് ഒമ്പതാം വിക്കറ്റിൽ ഡോം ബെസിനൊപ്പം 76 റൺസും കൂട്ടിച്ചേർത്തു.

2

ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ ഇംഗ്ളണ്ട് താരമാണ് ബ്രോഡ്. ജെയിംസ് ആൻഡേഴ്സണാണ് ഒന്നാമൻ. ഇപ്പോഴും ഇംഗ്ളണ്ടിന്റെ ന്യൂ ബാൾ പാർട്ണർമാരായ ഇരുവരും ചേർന്ന് 894 പേരെ ടെസ്റ്റിൽ പുറത്താക്കിയിട്ടുണ്ട്.

140

ബ്രോഡ് ഇതുവരെ കളിച്ച ടെസ്റ്റുകളുടെ എണ്ണം.

2007 ൽ ശ്രീലങ്കയ്ക്ക് എതിരെ കൊളംബോയിലായിരുന്നു ബ്രോഡിന്റെ ടെസ്റ്റ് അരങ്ങേറ്റം. ചാമിന്ദ വാസായിരുന്നു ആദ്യ ഇര. 8-15 2015 ലെ ആഷസ് പരമ്പരയിലാണ് ഒരിന്നിംഗ്സിലെ ബ്രോഡിന്റെ മികച്ച പ്രകടനം.

500 ക്ളബ് 1. മുത്തയ്യ മുരളീധരൻ - 800

2. ഷേൻ വാൺ - 708

3. അനിൽ കുംബ്ളെ -619

4.ജെയിംസ് ആൻഡേഴ്സൺ - 589

5.ഗ്ളെൻ മക്ഗ്രാത്ത് -563

6. കോട്നി വാൽഷ് -519

7. സ്റ്റുവർട്ട്ബ്രോഡ് - 501

മധുര പ്രതികാരം

വിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബ്രോഡിനെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ താരം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് വിനയായി.രണ്ടാം ടെസ്റ്റിൽ ആർച്ചർ വിലക്കിലായതും ജെയിംസ് ആൻഡേഴ്സണ് വിശ്രമം നൽകിയതുമാണ് ടീമിലേക്ക് തിരിച്ചെത്താൻ വഴിയൊരുക്കിയത്. രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിൽ നിന്നുമായി ആറ് വിക്കറ്റുകൾ വീഴ്ത്തിയതോടെ മൂന്നാം ടെസ്റ്റിലും ഉൾപ്പെടുത്തേണ്ടി വന്നു. തന്നെ ഒഴിവാക്കിയവർക്കുള്ള മധുരമുള്ള മറുപടിയായാണ് രണ്ട് ടെസ്റ്റുകളിൽ നിന്ന് 16 വിക്കറ്റുകളും ഒരു അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയത്.