textiles

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി ഏറെ സാരമായി ബാധിച്ച വസ്‌ത്ര വ്യാപാര മേഖലയെ സംരക്ഷിക്കാനാവശ്യമായ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ ആവശ്യപ്പെട്ടു. കേരള ടെക്‌സ്‌റ്രൈൽസ് ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്രി രൂപീകരണ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വസ്‌ത്ര വ്യാപാരികളോട് കാലങ്ങളായി പുലർത്തുന്ന അവഗണന സർക്കാരുകൾ അവസാനിപ്പിക്കണം. ഈ മേഖലയെ ബാധിക്കുന്ന നിയമനിർമ്മാണങ്ങൾ നടത്തുംമുമ്പ്,​ വസ്‌ത്ര വ്യാപാര സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓൺലൈനിൽ നടന്ന യോഗത്തിൽ സംഘടനയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരികളായി ടി.എസ്. പട്ടാഭിരാമൻ,​ അഡ്വ. ശങ്കരൻകുട്ടി (സ്വയംവര സിൽക്‌സ്)​,​ മഹേഷ് (പോത്തീസ്)​ എന്നിവരെയും പ്രസിഡന്റായി ഇഖ്‌ബാൽ ഷേക്ക് ഉസ്‌മാൻ (പൂജ ഗ്രൂപ്പ്)​,​ ജനറൽ സെക്രട്ടറിയായി ഷാക്കിർ ഫിസയെയും ട്രഷററായി ഷാനി മനാഫിനെയും തിരഞ്ഞെടുത്തു. എൻ.എ. അർഷാദ്,​ സദ്‌ഗുണ ആർ. ചന്ദ്രൻ എന്നിവർ വൈസ് പ്രസിഡന്റുമാരും സജീർ രാജകുമാരി,​ സബീർ അഹമ്മദ്,​ ആർ. അനിൽകുമാർ,​ അബ്‌ദുൽ വഹീദ് എന്നിവർ സെക്രട്ടറിമാരുമാണ്.

ആലപ്പുഴ കൃഷ്‌ണാസ് ഉടമ മഹേഷ് സദഗോപ റെഡ്ഡിയാരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. കൃഷ്‌ണൻ,​ സംസ്ഥാന കോ-ഓർഡിനേറ്റർ മുജീബ് ഫാമിലി,​ എൻ.എ. അർഷാദ്,​ സജീർ രാജകുമാരി,​ നൗഷാദ് ഖദീജ ഫാബ്രിക്‌സ് തുടങ്ങിയവർ സംസാരിച്ചു.