china

ന്യൂഡൽഹി: ചൈനീസ് ആപ്പുകൾ നിരോധിച്ച നടപടിയിൽ നിന്നും ഇന്ത്യ പിന്തിരിയണമെന്ന ആവശ്യവുമായി ചൈന. ചെയ്ത 'തെറ്റ്' ഇന്ത്യ തിരുത്തണമെന്നും ഇത് ചൈനീസ് കമ്പനികളുടെ കാര്യത്തിലുള്ള ഇന്ത്യയുടെ 'മനഃപൂർവമുള്ള കൈകടത്തലാണെ'ന്നും ചൈന ആരോപിക്കുന്നു.

അതോടൊപ്പം ചൈനീസ് സംരംഭകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനായി 'എല്ലാ നടപടികളും സ്വീകരിക്കു'മെന്നും ചൈന പറയുന്നുണ്ട്. ചൈനീസ് എംബസി വക്താവായ ജി റോംഗ് ആണ് ആപ്പുകൾ നിരോധിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.

ചൈനയുടെ ഈ പ്രസ്താവനയ്ക്ക് ഭീഷണിയുടെ നിറമാണെങ്കിലും ഇത് ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യത്തിന്റെ മുട്ടുമടക്കലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇന്ത്യയുടെ ആപ്പ് നിരോധനം ചൈനീസ് സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.

ഇന്ത്യൻ ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടുകൊണ്ട് ചൈനീസ് ആപ്പുകൾ രാജ്യം നിരോധിച്ച പശ്ചാത്തലത്തിലാണ് ചൈന ഇങ്ങനെയൊരു ആവശ്യവുമായി രംഗത്ത്ണ് വന്നിരിക്കുന്നത്. ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള 106 ആപ്പുകളാണ് ഇന്ത്യ ഇതുവരെ നിരോധിച്ചത്.

ഇതിൽ 59 ആപ്പുകൾ കഴിഞ്ഞ മാസവും 47 ആപ്പുകൾകഴിഞ്ഞ ദിവസവുമായാണ് ഇന്ത്യ നിരോധിച്ചത്. ആകെ 250 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലുള്ളത്. ഇതിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായിട്ടുള്ള ആപ്പ്ളിക്കേഷനുകൾ തിരഞ്ഞുപിടിച്ച് ഇന്ത്യ നിരോധന പട്ടികയിൽ പെടുത്തിക്കൊണ്ടിരിക്കുകയാണ്.