ന്യൂഡൽഹി: ഈ ചിത്രങ്ങൾ കണ്ടാൽ മിഷന്‍ ഇംപോസിബിള്‍ പോലുള്ള ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളില്‍ നിന്നുള്ളതാണെന്ന് തോന്നുമെങ്കിലും സംഭവം അതല്ല. റാഫേല്‍ യുദ്ധവിമാനങ്ങള്‍ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന ചിത്രങ്ങളാണിത്. റാഫേല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടത്തോടെ രാജ്യം കാത്തിരിപ്പിലാണ്. 2016-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 36 ഇരട്ട എഞ്ചിന്‍ യുദ്ധ വിമാനങ്ങള്‍ 59,000 കോടി രൂപയ്ക്കാണ് ഇന്ത്യ ദസാള്‍ട്ട് റാഫേലില്‍ നിന്നും വാങ്ങുന്നത്.
30,000 അടി ഉയരത്തില്‍ നിന്നുമാണ് ഇന്ത്യന്‍ വ്യോമസേന ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ജെറ്റുകള്‍ക്ക് ഇന്ധനം നിറച്ചതിന് വ്യോമസേന ഫ്രഞ്ച് വ്യോമസേനയ്ക്ക് നന്ദി പറഞ്ഞു. എല്ലാ പൈലറ്റുമാര്‍ക്കും വിമാനത്തില്‍ പരിശീലനം നല്‍കിയിരിക്കുന്നത് ഫ്രഞ്ച് ഡസ്സോള്‍ട്ട് ഏവിയേഷന്‍ കമ്പനിയാണ്. അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രാമധ്യേയാണ് മിഡ് ഫ്‌ലൈറ്റില്‍ ഇന്ധനം നിറയ്ക്കുന്നത്. അഞ്ചു യുദ്ധവിമാനങ്ങള്‍ക്കുമുള്ള ഇന്ധനം നിറച്ച ഫ്രഞ്ച് എയര്‍ഫോഴ്‌സിന്റെ ടാങ്കര്‍ വിമാനം റാഫേലുകളെ അനുഗമിക്കുന്നുണ്ട്. ഫ്രാന്‍സിലെ ബോര്‍ഡോക്‌സില്‍ നിന്നും ഇന്ത്യ ഓര്‍ഡര്‍ ചെയ്ത ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങള്‍ ഇന്നലെയാണ് പുറപ്പെട്ടത്.രാത്രി യു.എ.ഇയിലെ അല്‍ ദഫ്റ എയര്‍ ബേസില്‍ ലാന്‍ഡ് ചെയ്ത വിമാനങ്ങള്‍, സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഇന്ന് രാവിലെയാണ് അംബാല എയര്‍ ബേസ് ലക്ഷ്യമാക്കി യാത്ര പുനരാരംഭിച്ചത്.
7000 കിലോമീറ്ററോളം താണ്ടിയാണ് അവ എത്തുന്നത്. ഒരു സീറ്റും രണ്ട് സീറ്റുകളും ഉള്ള വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയിലേക്ക് വന്നു കൊണ്ടിരിക്കുന്ന സംഘത്തില്‍ അവ രണ്ടുമുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ വൈമാനികരാണ് വിമാനങ്ങൾ പറത്തുന്നത്.
Few shots from 30,000 feet! Mid air refuelling of #RafaleJets on their way to #India@IAF_MCC @French_Gov @FranceinIndia @MEAIndia @IndianDiplomacy @DDNewslive @ANI @DefenceMinIndia @Armee_de_lair @JawedAshraf5 pic.twitter.com/VE7lJUcZe7
— India in France (@Indian_Embassy) July 28, 2020