ലാഹോർ: മനസാക്ഷിയെ ഞെട്ടിക്കുന്ന കേട്ടുകേൾവിയില്ലാത്ത സംഭവമാണ് പാകിസ്ഥാനിലെ ലാഹോറിൽ നടന്നത്. മിണ്ടാപ്രാണിയായ ഒരു പൂച്ചകുട്ടിയെ 15 കാരനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു കൊലപ്പെടുത്തി. മൃഗസംരക്ഷണ സംഘടനയായ ജെ.എഫ്.കെ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വിവരം പങ്കുവച്ചതോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറം ലോകമറിയുന്നത്.
ജെ.എഫ്.കെയുടെ റിപ്പോർട്ട് പ്രകാരം 15 കാരന്റെ കുടുംബം പൂച്ചകുട്ടിയെ വാങ്ങുകയും പിന്നാലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഒരാഴ്ചയിലേറെയായി ഇവർ ഈ മിണ്ടാപ്രാണിയെ പീഡിപ്പിച്ചു.പീഡനത്തെ തുടർന്ന് പൂച്ചയുടെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചിരുന്നു. പൂച്ചകുട്ടിയുടെ മുറിവിൽ നിന്നും രക്തവും പുരുഷ ബീജവും കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. പൂച്ചക്കുട്ടിക്ക് നടക്കാനൊ ഭക്ഷണം കഴിക്കാനൊ ഉറങ്ങുവാനൊ സാധിച്ചിരുന്നില്ലെന്നും ജെ.എഫ്.കെ പറയുന്നു.
പൂച്ചക്കുട്ടിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട സമീപവാസിയായ പെൺകുട്ടി അതിനെ തനിക്ക് നൽകാൻ ആൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവർ അതിന് തയ്യാറായിരുന്നില്ല. തുടർന്ന് പെൺകുട്ടി മൃഗസംരക്ഷണ സംഘടനയായ ജെ.എഫ്.കെയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതർ എത്തി പൂച്ചയെ ആശുപത്രിയിലേക്ക് കൊണ്ട്പോയെങ്കിലും മരണപ്പെടുകയായിരുന്നു. ബലാൽസംഗത്തിന് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും നീതി ലഭിക്കാത്തപ്പോൾ ഈ പൂച്ചക്കുട്ടിക്ക് എങ്ങനെയാണ് നീതി ലഭിക്കുകയെന്നും ജെ.എഫ്.കെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.