
ലോസ്ആഞ്ചലസ് : യു.എസ് സർക്കാർ അനുവദിച്ച കൊറോണ വൈറസ് റിലീഫ് ലോൺ പദ്ധതിയിൽ നിന്നും ലഭിച്ച 40 ലക്ഷം ഡോളർ തുകയ്ക്ക് ലംബോർഗിനി കാറും ആഡംബര വസ്തുക്കളും വാങ്ങിയ ഫ്ലോറിഡ സ്വദേശി പൊലീസ് പിടിയിൽ. ഡേവിഡ് ടി ഹിൻസ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. വ്യാജരേഖകൾ നിർമിച്ച് തട്ടിപ്പ് നടത്തിയ ഇയാൾക്ക് നേരെ ക്രിമിനൽ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
29കാരനായ ഹിൻസ് മിയാമി സ്വദേശിയാണ്. പേചെക്ക് പ്രൊട്ടക്ഷൻ പ്രോഗാം പ്രകാരം 12.5 ദശലക്ഷം ഡോളറാണ് ഇയാൾ ബാങ്കിൽ അപേക്ഷിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വ്യവസായ സംരംഭകർക്ക് നൽകുന്ന സർക്കാർ ധനസഹായമാണിത്. ജോലി നഷ്ടപ്പെട്ട ലക്ഷക്കണക്കിന് പേരെ സഹായിക്കാനുള്ള സർക്കാരിന്റെ ഈ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.
തന്റെ സംരംഭങ്ങളിലെ ജോലിക്കാർക്ക് ശമ്പളം നൽകണമെന്ന് ചൂണ്ടിക്കാട്ടി ഇയാൾ അധികൃതർക്ക് അപേക്ഷ നൽകുകയായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഹിൻസ് തുക ജീവനക്കാർക്ക് നൽകിയിട്ടില്ല. ഹിൻസിന്റെ അപേക്ഷ പ്രകാരം ബാങ്ക് അധികൃതർ 39 ലക്ഷം ഡോളർ തുക അനുവദിച്ചതിന് ശേഷമായിരുന്നു തട്ടിപ്പ് കണ്ടെത്തുന്നത്.
ബാങ്കിൽ നിന്നും തുക ലഭിച്ച് ഉടൻ തന്നെ 318,000 ഡോളർ വിലമതിക്കുന്ന നീല നിറത്തിലെ ലംബോർഗിനി ഹൂറകന്റെ ഏറ്റവും പുതിയ പതിപ്പ് സ്വന്തമാക്കുകയായിരുന്നു ഹിൻസ്. തുടർന്ന് വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും ഇയാൾ വാങ്ങുകയും മിയാമി ബീച്ചിന് സമീപത്തെ ആഡംബര ഹോട്ടലിൽ തങ്ങുകയും ചെയ്തു.
ജൂലായ് 11ന് മിയാമിയിൽ വച്ച് ഹിൻസിന്റെ ലംബോർഗിനി മറ്റൊരു വാഹനത്തിലിടിക്കുകയും നിറുത്താതെ പോകുകയും ചെയ്തു. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഹിൻസ് നടത്തിയ തട്ടിപ്പ് തിരിച്ചറിയുന്നത്. ലംബോർഗിന് മിയാമി പൊലീസ് പിടിച്ചെടുത്തിരുന്നു. ജൂലായ് 24 ഓടെ ഹിൻസിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും മിച്ചമുണ്ടായിരുന്ന 3,463,162 ഡോളർ തിരിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹിൻസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം ജാമ്യത്തിൽ വിട്ടു. മാതാവിന്റെ വീട്ടിൽ കഴിയുന്ന ഹിൻസിനെ പൊലീസ് ജി.പി.എസ് മോണിറ്റർ വഴി നിരീക്ഷിക്കുന്നുണ്ട്. ഒക്ടോബർ 14ന് ഹിൻസിനെ കോടതി വിസ്തരിക്കും.