കോഴിക്കോട്: 'ചെലോല്‍ത് റെഡിയാകും ചെലോല്‍ത് റെഡിയാകൂല, റെഡി ആയില്ലെങ്കിലും ഞമ്മക്ക് ഒരു കൊയപ്പല്ല്യാ' ഫായിസിന്റെ ഈ വാക്കുകൾ ആദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു ഇപ്പോൾ മിൽമയും. ഫായിസിന്റെ വാക്കുകൾ തങ്ങളുടെ പരസ്യ വാചകമായി ഏറ്റെടുത്ത മില്‍മ റോയല്‍റ്റിയും സമ്മാനങ്ങളുമായി ഫായിസിന്റെ വീട്ടിലെത്തി.
പതിനായിരം രൂപയും 14,000 രൂപയുടെ ആന്‍ഡ്രോയിഡ് ടി.വിയും മില്‍മയുടെ എല്ലാ ഉല്‍പന്നങ്ങളുമാണ് ഫായിസിന്റെ വീട്ടിലെത്തി കൈമാറിയത്. സമ്മാനമായി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനും നല്‍കുമെന്ന് ഫായിസും കുടുംബവും പറഞ്ഞു. 'ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല..' എന്ന് തുടങ്ങുന്ന ഫായിസിന്റെ വാചകം പരസ്യവാചകമാക്കിയ മില്‍മക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫായിസിന്റെ വാക്കുകള്‍ ഉപയോഗിച്ച് മില്‍മ മലബാര്‍ മേഖലാ യൂണിയനാണ് ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കിയത്.
'ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല. പക്ഷേ ചായ എല്ലാര്‍തും ശരിയാകും, പാല്‍ മില്‍മ ആണെങ്കില്‍,' എന്നതായിരുന്നു പരസ്യത്തിലെ വാചകം. കടലാസ് ഉപയോഗിച്ച് പൂവുണ്ടാക്കാന്‍ ശ്രമിക്കുന്നത് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഫായിസ് പറഞ്ഞ വാക്കുകളടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇന്ന് രാവിലെയാണ് സമ്മാനങ്ങളുമായി അധികൃതര്‍ വീട്ടിലെത്തിയത്.