മെൽബൺ: അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ സൂചന നൽകി ആസ്ട്രേലിയൻ സൂപ്പർ ഓപ്പണർ ഡേവിഡ് വാർണർ. കൊവിഡ് വ്യാപനവും ഈ വർഷം ഒക്ടോബറിൽ ആസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവച്ചതുമാണ് കരിയറിനെക്കുറിച്ച് പുനർചിന്തനത്തിന് വാർണറെ പ്രേരിപ്പിച്ചത്. കുടുംബത്തിന് കൂടുതൽ പരിഗണന നൽകേണ്ടതിനാലാണ് വിരപമിക്കലുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നതെന്ന് മുപ്പത്തിമ്മൂന്നുകാരനായ വാർണർ പറയുന്നു.
ട്വന്റി-20 ലോകകപ്പോടെ വിരമിക്കാമെന്ന തീരുമാനത്തിലായിരുന്നു വാർണറെന്ന് അദ്ദേഹത്തോട് അടുത്ത് വൃത്തങ്ങൾ പറയുന്നു.എന്നാൽ കൊവിഡ് വ്യാപനം അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയായിരുന്നു.
ഭാര്യയും മൂന്ന് കുട്ടികളും എന്റെ ക്രിക്കറ്റ് കരിയറിൽ ഏറെ പ്രാധാന്യം അർഹിക്കുന്നവരാണ്. അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റി വച്ചു. നാട്ടിലായിരുന്നെങ്കിൽ കളിക്കാനും ജയിക്കാനും എളുപ്പമായിരുന്നു. ഇനി വേറെയെങ്ങോട്ടെങ്കിലും മാറ്രിയാൽ കുടുംബവുമായി അകന്നു നിൽക്കേണ്ടിവരും. അതിനാൽ തന്നെ ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. നിലവിൽ അത് പ്രയാസകരമാണ്..- വാർണർ പറഞ്ഞു.
നിലവിൽ യു.എ.ഇയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ഐ.പി.എല്ലിൽ കളിക്കാനായി തയ്യാറെടുക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ കൂടിയായ ഡേവിഡ് വാർണർ. ലോക്ക് ഡൗൺ സമയത്ത് വാർണർ കുടുംബത്തോടൊപ്പം ചെയ്ത ടിക് ടോക് വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.