ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് തിരിച്ച അഞ്ച് റാഫേൽ യുദ്ധ വിമാനങ്ങൾ 7000 കിലോമീറ്ററുകൾ താണ്ടി ഇന്ന് ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ എത്തും.
ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ എത്രയും വേഗം വിന്യസിക്കുന്നതിനായി ഇവയെ ഉടൻ വ്യോമസേനയുടെ 17ാം ഗോൾഡൻ ആരോസ് സ്‌ക്വാഡ്രണിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുണ്ട്. ഔദ്യോഗിക ചടങ്ങ് ആഗസ്റ്റ് അവസാനത്തോടെ നടക്കും.
ഇന്നലെ അബുദാബിയിലെത്തിയ വിമാനങ്ങൾ അവിടത്തെ ഫ്രഞ്ച് വ്യോമ താവളത്തിൽ നിന്ന് ഇന്ധനം നിറച്ചതിന് ശേഷം ഇന്ന് ഇന്ത്യയിലേക്ക് പറക്കും. ഇടയ്‌ക്ക് ഇന്ധനം നിറയ്ക്കാൻ ഇന്ത്യയുടെ വ്യോമസേനാ ടാങ്കർ വിമാനങ്ങൾ അകമ്പടിയായെത്തും.
സുരക്ഷാഭീഷണി കണക്കിലെടുത്ത് അംബാലയിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും ജില്ലാ മജിസ്ട്രേട്ട് ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അംബാല വ്യോമത്താവളത്തിൽ സുരക്ഷ ശക്തമാക്കി. വ്യോമത്താവളത്തിന്റെ ചിത്രങ്ങളെടുക്കുന്നത് നിരോധിച്ചു.
റാഫേലിന്റെ ഉദ്ഘാടന ചടങ്ങ് പിന്നീട് തീരുമാനിക്കുമെന്നും അന്ന് മാദ്ധ്യമങ്ങളെ അനുവദിക്കുമെന്നും സേനാ വക്താവ് പറഞ്ഞു.
അഞ്ചു യുദ്ധ വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ എത്തുന്നത്. ഇവയുൾപ്പെടെ 36 വിമാനങ്ങളാണ് ഫ്രാൻസ് ഇന്ത്യയ്ക്ക് നിർമിച്ചു നൽകുന്നത്. തെക്കൻ ഫ്രാൻസിലെ മെറിനിയാക് വ്യോമത്താവളത്തിൽ നിന്നാണ് വിമാനങ്ങൾ തിങ്കളാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ടത്. ഒറ്റ സീറ്റുള്ള മൂന്ന് വിമാനങ്ങളും ഇരട്ട സീറ്റുള്ള രണ്ട് വിമാനങ്ങളുമാണുള്ളത്. വിമാനങ്ങൾക്ക് ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാൻ അബുദാബി വരെ ഫ്രഞ്ച് വ്യോമസേനാ ടാങ്കർ വിമാനങ്ങൾ ഒപ്പം പറന്നു. രണ്ടു തവണ യാത്രക്കിടെ ഇന്ധനം നിറച്ചിരുന്നു.
അംബാല വ്യോമത്താവളം
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വ്യോമത്താവളമാണ് അംബാലയിലേത്. 1919ൽ ബ്രട്ടീഷ് റോയൽ എയർഫോഴ്സിന്റെ ആസ്ഥാനമായിരുന്നു. 1948 മുതഷ 54 വരെ ഫ്ലൈയിംഗ് സ്കൂൾ ആയിരുന്നു. പിന്നീട് ഇന്ത്യൻ വ്യോമസേനാതാവളമായി. 1965. 1971 യുദ്ധങ്ങളിൽ പാകിസ്ഥാൻ ഈ താവളം ആക്രമിച്ചിരുന്നു.ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാനമായ വ്യോമത്താവളമാണിത്. അംബാലയിൽ നിന്ന് പാകിസ്ഥാൻ അതിർത്തിയിലേക്ക് 220 കിലോമീറ്ററേ ഉള്ളൂ.