sushant

മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അച്ഛന്റെ പരാതിയിൽ നടി റിയ ചക്രബർത്തിക്കെതിരെ കേസെടുത്തു. സുശാന്തിനെ സാമ്പത്തികപരമായും മാനസികപരമായും തളർത്തിയത് റിയ ആണെന്ന് സുശാന്തിന്റെ കുടുംബം ആരോപിച്ചു.

മുംബയ് ബാന്ദ്രയിലെ വസതിയിൽ ജൂൺ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസ്, സംവിധായകൻ സഞ്ജയ് ലീല ബൻസാലി, ആദിത്യ ചോപ്ര എന്നിവരടക്കം ബോളിവുഡിലെ 40ഓളം സിനിമാപ്രവർത്തകരെ ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തിൽ റിയയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

സുശാന്തിന്റെ മരണ ശേഷം തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നും നടന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും റിയ ആവശ്യപ്പെട്ടിരുന്നു.

സുശാന്ത് സിംഗ് രാജ്പുത് വിഷാദരോഗത്തിനടിമയായിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.നടന്റെ മരണശേഷം ബോളിവുഡിലെ സ്വജനപക്ഷപാതവും വിവാദം സൃഷ്ടിച്ചിരുന്നു.