tiger

ന്യൂഡൽഹി : അന്താരാഷ്ട്ര കടുവാ ദിനം നാളെ ആചരിക്കാനിരിക്കെ ഇന്ത്യയിലെ കടുവകളുടെ സെൻസസ് റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറും സഹമന്ത്രി ബബൂൽ സുപ്രിയോയും ചേർന്ന് പുറത്തുവിട്ടു. ഇന്ത്യയിൽ ആകെയുള്ള 50 കടുവാസംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നിൽ പോലും മോശം ഗുണനിലാവാരമില്ലെന്ന് പ്രകാശ് ജാവേദ്കർ പറഞ്ഞു.

നിലവിൽ ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയിലാണെന്നാണ് റിപ്പോർട്ട്. 2022 ഓടെ തങ്ങളുടെ പ്രദേശത്തെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് 13 ടൈഗർ റേഞ്ച് രാജ്യങ്ങൾ തീരുമാനമെടുത്തിരിന്നു. 2010ൽ ഇത് സംബന്ധിച്ച സെന്റ് പീറ്റേഴ്സ്ബർഗ് ഉടമ്പടി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ അംഗീകരിച്ചിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, കംബോഡിയ, ചൈന, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, നേപ്പാൾ, റഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവയാണ് 13 ടൈഗർ റേഞ്ച് രാജ്യങ്ങൾ.

600ലേറെ പേജുകളുള്ള സെൻസസ് റിപ്പോർട്ട് 2018 - 19 വർഷത്തെ കണക്കെടുപ്പിനെ ആസ്പദമാക്കിയുള്ളതാണ്. ഉത്തരാഖണ്ഡിലെ ദ കോർബെറ്റ് ടൈഗർ റിസേർവാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംരക്ഷണ കേന്ദ്രം. സെൻസസ് റിപ്പോർട്ട് പ്രകാരം 231 കടുവകൾ കോർബെറ്റ് ടൈഗർ റിസേർവിൽ ഉണ്ട്. അതേ സമയം, ഇന്ത്യയിലെ ആകെ 50 കടുവ സംരക്ഷണകേന്ദ്രങ്ങളിൽ മിസോറാമിലെ ഡംബാ, പശ്ചിമ ബംഗാളിലെ ബുക്സ, ജാർഖണ്ഡിലെ പലമൗ എന്നീ മൂന്നിടങ്ങളിൽ ഒരു കടുവ പോലുമില്ല.

നിലവിൽ 1,923 കടുവകളാണ് ഇന്ത്യയിലെ വിവിധ സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നത്. ഇന്ത്യയിലെ ആകെ കടുവകളുടെ 65 ശതമാനമാണിത്. കർണാടകയിലെ നാഗർഹോൾ, ബന്ദിപ്പൂർ എന്നിവിടങ്ങളിൽ യഥാക്രമം 127, 126 വീതം കടുവകളുണ്ട്. അസമിലെ കാസിരംഗയിലും മദ്ധ്യപ്രദേശിലെ ബന്ദാവ്ഗഢിലും 104 വീതം കടുവകൾ ഉണ്ട്.

സിമിലിപാൽ ( ഒഡീഷ ), അമ്രബാദ്, കവാൽ ( തെലങ്കാന ), നാഗാർജുനസാഗർ ശ്രീശൈലം ( ആന്ധ്രാപ്രദേശ് ), പലാമു ( ജാർഖണ്ഡ് ), സഞ്ജയ് ദുബ്രി ( മദ്ധ്യപ്രദേശ് ), നമേരി, മാനസ് ( ആസാം ), ബുക്സ ( പശ്ചിമ ബംഗാൾ ), ഡംബാ ( മിസോറാം ), ആൻഷി ദൻഡേലി ( കർണാടക ), പക്കേ ( അരുണാചൽ പ്രദേശ് ) എന്നിവിടങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

മദ്ധ്യപ്രദേശാണ് ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം. 526 കടുവകൾ ഇവിടെയുണ്ട്. തൊട്ടുപിന്നിൽ 524 കടുവകളോടെ കർണാടകയും 442 എണ്ണവുമായി ഉത്തരാഖണ്ഡും പിന്നിലുണ്ട്. 2014ൽ 1,400 കടുവകളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നതെങ്കിൽ 2019 ആയതോടെ അത് 2,967 ആയി ഉയർന്നു.

ക്യാമറകൾ ഉപയോഗിച്ച് നടത്തിയ ഏറ്റവും വലിയ വന്യജീവി സെൻസസ് എന്ന പേരിൽ 2018 - 19ലെ ഇന്ത്യയിലെ കടുവാ സെൻസസ് ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. 26,838 ക്യാമറകളിലായി 34,858,623 ചിത്രങ്ങളാണ് പകർത്തിയത്. ഇതിൽ 76,651 എണ്ണം കടുവകളുടേതായിരുന്നു. ലോകത്തെ ഏറ്റവും വലിയ കടുവാ നിരീക്ഷണമാണ് ഇന്ത്യ നടത്തിയത്.