rafeal

പാരീസ്: റഫേൽ യുദ്ധവിമാനങ്ങൾ അതിവേഗം ഇന്ത്യലെത്തിയതിന് വഴിയൊരുക്കിയത് കാശ്‌മീർ സ്വദേശിയായ എയർ കമ്മഡോർ ഹിലാൽ അഹമ്മദ് റാതെറെന്ന് റിപ്പോർട്ട്. നിലവിൽ ഫ്രാൻസിലെ ഇന്ത്യയുടെ എയർ അറ്റാഷെയാണ് റാതെർ. ഇന്ത്യൻ സാഹചര്യങ്ങൾക്ക് ചേരുംവിധമുള്ള ആയുധങ്ങൾ റഫാൽ യുദ്ധവിമാനത്തിൽ ഉൾപ്പെടുത്തിയതിനും പിന്നിലും അദ്ദേഹമാണ് പ്രധാന പങ്കുവഹിച്ചത്.

ജമ്മു കാശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള ബക്ഷിയാബാദ് സ്വദേശിയാണ് എയർ കമഡോർ റാതെർ. സൈനിക സ്‌കൂളിലായിരുന്നു പഠനം. ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജ് , അമേരിക്കയിലെ എയർ വാർ കോളേജ് എന്നിവിടങ്ങളിൽനിന്ന് ഡിസ്റ്റിംഗ്ഷനോടെ ബിരുദ പഠനം പൂർത്തിയാക്കി. 1988 ഡിസംബർ 17നാണ് ഇന്ത്യൻ വ്യോമസേനയിൽ യുദ്ധവിമാനങ്ങളുടെ ലോകത്തെത്തി.

2010ൽ വിങ് കമാൻഡറായിരിക്കെ സമർപ്പിത സേവനത്തിനുള്ള വായുസേന മെഡൽ, 2016ൽ ഗ്രൂപ്പ് ക്യാപ്ടനായിരിക്കെ വിശിഷ്ടസേവ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. നാഷണൽ ഡിഫൻസ് അക്കാഡമിയിൽനിന്ന് സ്വാഡ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്. മിഗ് 21, മിറാഷ് 2000, കിരൺ എയർക്രാഫ്റ്റ് എന്നിവ അപകടംവരുത്താതെ 3000 മണിക്കൂറിലധികം പറത്തിയിട്ടുണ്ട്. ഫൈറ്റർ കോംബാറ്റ് ലീഡറും ഫ്ളൈയിങ് ഇൻസ്ട്രെക്ടറുമായ അദ്ദേഹം ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ ഡയറക്ടിംഗ് സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്. ഒന്നാം നിരയിലുള്ള വ്യോമസേനാ താവളങ്ങളിൽ മിറാഷ് 2000 സ്‌ക്വാഡ്രണുകളെ നയിച്ചിട്ടുമുണ്ട്.