റായ്പുര്‍: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്‌കൂളുകളെല്ലാം അടച്ചുപൂട്ടിയതോടെ രാജ്യത്തെ കുട്ടികള്‍ ഇതുവരെ പരിചിതമല്ലാത്ത വേറിട്ട രീതിയിലാണ് പഠിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓണ്‍ലൈനിലൂടെയാണ് വിദ്യാര്‍ഥികള്‍ക്ക് അദ്ധ്യാപകര്‍ ക്ലാസെടുക്കുന്നത്. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമായി കൗതുകം ഉണർത്തുന്ന രീതിയിലാണ് ഛത്തീസ്ഗഡിലെ ബസ്പറിലുള്ള ഭട്പാല്‍ ഗ്രാമത്തിലെ കുട്ടികള്‍ പഠിക്കുന്നത്.
രാവിലെ എട്ട് മണി ആയാല്‍ ഭട്പലിലെ കുട്ടികള്‍ ഉച്ചഭാഷിണിയ്ക്ക് കാതോര്‍ത്തിരിക്കും. അദ്ധ്യാപകര്‍ ക്ലാസെടുക്കല്‍ ആരംഭിക്കും. കുട്ടികളുടെ മുമ്പില്‍ അദ്ധ്യാപകരില്ല, ഉച്ചഭാഷിണിയിലൂടെ വരുന്ന അവരുടെ ശബ്ദം മാത്രം. ഗോത്രഭാഷയായ ഹാല്‍ബിയിലൂടെയാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. രണ്ടിലധികം അദ്ധ്യാപകരാണ് ഉച്ചഭാഷിണിയിലൂടെ പഠിപ്പിക്കുന്നത്.ഛത്തീസ്ഗഡിലെ മിക്കയിടങ്ങളിലും വിദ്യാര്‍ഥികള്‍ ഓണ്‍ലൈനിലൂടെയാണ് പാഠ്യഭാഗങ്ങള്‍ പഠിക്കുന്നത്.
സംസ്ഥാനത്തെ ചിലയിടങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യതക്കുറവും മതിയായ ഉപകരണങ്ങളും ഇല്ലാത്തതിനാല്‍ പുതിയൊരു രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഗ്രാമത്തിലെ 300 കുടുംബങ്ങള്‍ക്കായി ആറ് ഉച്ചഭാഷിണികളാണ് സ്ഥാപിച്ചിട്ടുള്ളത്. കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാനും പോഷകാഹാരക്കുറവ്, കമ്മ്യൂണിറ്റി പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ച് അറിയിക്കാനുമാണ് ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് ജില്ല മിനറല്‍ ഫണ്ട് ഡവലപ്മെന്റ് അസിസ്റ്റന്റ് നിഖിലേഷ് ഹരി പറഞ്ഞു.
ജൂലായ് 14 മുതല്‍ ഉച്ചഭാഷിണി ഒരു ദിവസം രണ്ട് പ്രാവശ്യം ആണ് ഉപയോഗിച്ചു വരുന്നത്. ഓരോ സെഷനുകളും ഏകദേശം 90 മിനിറ്റ് വീതം പ്രവര്‍ത്തിക്കുന്നു. കഥ പറച്ചിലും സംഭാഷണവും ആണ് പ്രധാനമായും ഉള്‍പ്പെടുന്നത്. പഞ്ചായത്ത് ഭവനിലാണ് ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിട്ടുള്ളത്. ജില്ലാ ആസ്ഥാനത്ത് അദ്ധ്യാപകര്‍ റെക്കോര്‍ഡ് ചെയ്ത ക്ലാസുകള്‍ പെന്‍ഡ്രൈവിലാക്കി സ്ഥലത്തേയ്ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.