രാജ്യത്തെ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം സെപ്തംബർ മൂന്നാം തീയതിയോടെ 9.86 ലക്ഷത്തിലേക്ക് എത്തുമെന്ന് പഠനം. മാദ്ധ്യമ ശൃംഖലയായ 'ടൈംസ് നെറ്റ്‌വർക്കും' വിവര ഗവേഷണ സംരംഭമായ 'പ്രോറ്റിവിറ്റി'യും ചേർന്ന് നടത്തിയ 'ടൈംസ്-ഫാക്ട്, ഇന്ത്യ ഔട്ട്ബ്രേക്ക് റിപ്പോർട്ട്' എന്ന് പേരിട്ടിരിക്കുന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഇങ്ങനെ സംഭവിക്കാനാണ് 'ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളതെ'ന്നും റിപ്പോർട്ട് പറയുന്നു.കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ച കൊവിഡ് ഡാറ്റയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ബുള്ളറ്റിനുകളും അറിയിപ്പുകളും അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്.
എന്നാൽ ഇത് രാജ്യത്തെ രോഗവ്യാപനത്തിന്റെ മൂർദ്ധന്യാവസ്ഥയായിരിക്കുമെന്നും(പീക്ക്), ഇതിനുശേഷം രോഗവ്യാപനത്തിന്റെ തോത് കീഴ്പ്പോട്ടിറങ്ങി തുടങ്ങുമെന്നും പഠനത്തിൽ പറയുന്നുണ്ട്.
എന്നാൽ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കുന്ന മാതൃകയായ 'എസ്.ഇ.ഐ.ആർ' മോഡൽ പ്രകാരം രണ്ട് ദിവസം മുൻപ്, സെപ്തംബർ ഒന്നിന് ഇന്ത്യയിലെ രോഗികളുടെ എണ്ണം 10.15 ലക്ഷമാകുമെന്നും(ആക്റ്റീവ് കേസുകൾ) റിപ്പോർട്ടിൽ അനുമാനമുണ്ട്. മുംബയിക്കും ഡൽഹിക്കും ശേഷം രാജ്യത്ത് കൊവിഡ് ഹോട്ട്സ്പോട്ടുകളായി മാറാൻ പോകുന്ന നഗരങ്ങൾ ബംഗളൂരുവും പൂനെയുമാണെന്നാണ് അനുമാനം.
ഇതോടെ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം ആഗസ്റ്റ് പതിനാലാം തീയതിയോടെ 1.92 ആയി ഉയരും(എസ്.ഇ.ഐ.ആർ മോഡൽ പ്രകാരം 2.01). ഇതേ സമയത്തോടെ തമിഴ്‌നാട്ടിലെ രോഗികളുടെ എണ്ണം 68, 708 മുതൽ 76,144 വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നും അതേസമയം, ഗുജറാത്തിലെ രോഗബാധിതരുടെ എണ്ണം 15,520 മുതൽ 15,690 വരെ ഉയരുമെന്നും റിപ്പോർട്ടിൽ പ്രവചനമുണ്ട്.
ആഗസ്റ്റ് 14ന്, കർണാടകയിലെ രോഗികളുടെ എണ്ണം 1.26 മുതൽ 1.25 വരെ ഉയരാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പശ്ചിമ ബംഗാളിലാകട്ടെ ഇതേ ദിവസം, 24, 520 മുതൽ 23,683 വരെ രോഗികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് കണക്ക്.
നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ 15,16,738 പേർക്കാണ് ഇതുവരെ രോഗം വന്നത്. 971,330 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 33,866 പേർ രോഗം മൂലം മരണമടഞ്ഞപ്പോൾ ഇന്ന് 47,704 പേർക്കാണ് രോഗം വന്നത്. രോഗം മൂലം ഇന്ന് മാത്രം 654 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.