gas

പാലക്കാട്: ഓങ്ങല്ലൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്ക് പറ്റി ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരണമടഞ്ഞു. ഓങ്ങല്ലൂർ അഞ്ചാം വാർഡിലെ നമ്പാടത്ത്, ചുങ്കത്ത് ഷാജഹാൻ, സാബിറ എന്നിവരാണ് ഇന്ന് മരണമടഞ്ഞത്. പരിക്കേറ്റ ഇവരുടെ ഇളയ സഹോദരൻ ബാദുഷ ഇന്ന് ഉച്ചയ്ക്ക് ജീവൻ വെടിഞ്ഞിരുന്നു.

ഇന്ന് 8:30ഓട് കൂടിയാണ് സാബിറയും ഷാജഹാനും മരിക്കുന്നത്. ഇതോടെ അപകടം മൂലമുള്ള മരണം മൂന്നായി ഉയർന്നിട്ടുണ്ട്. ഇന്നലെ രാത്രി 10: 30നാണ് നമ്പാടത്തെ ഇവരുടെ വീട്ടിൽ ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് സമീപ വാസികൾ പറയുന്നു. സ്‌ഫോടനത്തിൽ വീടിന്റെ മേൽക്കൂര അടക്കമുള്ള ഭാഗങ്ങൾ തകർന്നിട്ടുണ്ട്.

അതേസമയം അടുക്കള പൂർണമായും തകർന്ന നിലയിലാണ്. ഈ സമയം വീട്ടിൽ ഷാജഹാൻ, സാബിറ, ബാദുഷ, ഇവരുടെ മാതാവായ നബീസ എന്നിവരാണ് ഉണ്ടായിരുന്നത്. 65 വയസുകാരി നബീസ നിലവിൽ ചികിത്സയിലാണ്. ഇവർക്ക് കാര്യമായ പൊള്ളൽ ഉണ്ടായിട്ടില്ലെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.