ന്യൂഡൽഹി: കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് വെന്റിലേറ്ററുകളും പരിശോധനാ കിറ്റുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും നൽകി ഫ്രാൻസ്. ഫ്രഞ്ച് വ്യോമസേന വിമാനത്തിൽ എത്തിച്ച മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലെനെയ്ൻ കെെമാറി.
കൊവിഡ് മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയ്ക്ക് കെെമാറിയതിൽ സന്തോഷമുണ്ടെന്നും ലെനെയ്ൻ ട്വീറ്റ് ചെയ്തു. 200 ദശലക്ഷം യൂറോ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നേരത്തെ ഫ്രാൻസ് ഇന്ത്യയ്ക്ക് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.ഫ്രഞ്ച് കമ്പനിളും ഇന്ത്യയ്ക്ക് സംഭാവനകൾ നൽകിയിരുന്നതായും ലെനെയ്ൻ ട്വീറ്റു ചെയ്തു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഫ്രാൻസ് ഇന്ത്യയ്ക്ക് 50 ഒസിരിസ് 3 വെന്റിലേറ്ററുകളും 70 യുവെൽ 830 വെന്റിലേറ്ററുകളും 50,000 സീറോളജിക്കൽ ഐ.ജി.ജി , ഐ.ജി.എം ടെസ്റ്റ് കിറ്റുകളുമാണ് നൽകിയത്.
അടിയന്തരമായി രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റുന്നതിനും വേഗം രോഗമുക്തി നേടുന്നതിനും ഒസിരിസ് വെന്റിലേറ്ററുകൾ സഹായകരമാകും. വ്യത്യസ്ത വെന്റിലേഷൻ മോഡുകൾ ഇവയ്ക്കുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇൻകുബേഷൻ ഇല്ലാതെ ശ്വാസകോശത്തിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിനുള്ള ഒരു സാങ്കേതിക വിദ്യയാണ് യുവെൽ 830 വെന്റിലേറ്ററുകളിലുളളത്. ഉയർന്ന നിലവാരമുളള ഈ വെന്റിലേറ്ററുകൾ ഇന്ത്യയ്ക്ക് സഹായകരമാകുമെന്നും അധികൃതർ വ്യക്തമാക്കി.