kakkathuruth

'നാഷണല്‍ ജ്യോഗ്രഫിക് പറഞ്ഞത് ശരിയാണോന്നറിയാന്‍ അവിടംവരെ പോയി...കാത്തുനിന്നു...മനം നിറഞ്ഞു: കേരള കൗമുദി ചീഫ് ഫോട്ടോഗ്രാഫർ എന്‍. ആര്‍. സുധര്‍മ്മദാസ് എഴുതിയ കുറിപ്പ്.

24 മണിക്കൂറുകൾ കൊണ്ട് ഒരാൾക്ക് ലോകം ചുറ്റാൻ സാധിച്ചാൽ അയാൾ നിശ്ചയമായും വന്ന് എത്തേണ്ട ഒരു സ്ഥലമുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ. കേരളത്തിലുള്ള അധികം പേർക്കും അറിയാത്ത എന്നാൽ ലോകത്തിന് സുപരിചിമായ ഒരിടം. അത് കൊണ്ടാണല്ലോ ഇരുപത്തിനാല് മണിക്കൂറില്‍ ഒരാള്‍ക്ക് ലോകം ചുറ്റാന്‍ കഴിഞ്ഞാല്‍ അസ്തമയ സൂര്യനെ കാണാൻ ഇവിടെ എത്തണമെന്ന് നാഷണല്‍ ജിയോഗ്രഫിക് മാസിക പറയുന്നത്. ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിലെ കാക്കതുരുത്താണ് ആ സ്ഥലം. ലോകത്തിലെ 24 സവിശേഷമായ പ്രദേശങ്ങളുടെ പട്ടികയിലാണ് കേരളത്തിലെ കാക്കത്തുരുത്തും ഇടംനേടിയത്. കിഴക്കിന്റെ വെനീസിന് ഒരു പൊൻതൂവൽ കൂടെ.

അസ്തമയ സൂര്യനെയും ഒപ്പം കാക്കതുരുത്തും കാണണമെന്ന് തീരുമാനിച്ച് സന്തതസഹചാരിയായ ക്യാമറയും എടുത്ത് ഞാൻ പുറപ്പെട്ടു. ദേശീയ പാതയില്‍ എരമല്ലൂര്‍ ജംഗ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ കിഴക്കോട് യാത്ര ചെയ്താൽ ഒരു കടത്ത് എത്തും. അത് കടന്നാൽ കാക്കത്തുരുത്താണ്.

sunset1

പാണാവള്ളിയിലെ മുട്ടത്ത്കടവ് നിന്ന് കൈതപ്പുഴ കായലിലൂടെ ഒരു വള്ളത്തിലാണ് യാത്ര തിരിച്ചത്. കായലിലൂടെ കൊച്ചു വള്ളത്തിൽ ചെറു കാറ്റുമേറ്റ് യാത്ര തുടർന്നു. മാനം കറുത്ത് ഇരുളുന്നത് കണ്ടു. ലോകം ഇത്രയും പുകഴ്ത്തുന്ന അസ്തമയ സൂര്യന്റെ കുറച്ച് ചിത്രങ്ങൾ എടുക്കണമെന്ന് വിചാരിച്ചാണ് എത്തിയത്. അത് മുടങ്ങുമോ എന്ന ആശങ്ക ഉയർന്നു.എന്നാലും എത്തിയ സ്ഥിതിക്ക് കാക്കതുരുത്തിലെ അസ്തമയ സൂര്യനെ കാണാതെ മടക്കമില്ലെന്ന് തീരുമാനിച്ചു.

sunset2

കാക്കതുരുത്ത് പഴയ കാക്കതുരുത്ത് അല്ലാത്രേ. ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയതോടെ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. ദിവസത്തിലെ ഒരുമണിക്കൂര്‍ ചിലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് ഇവിടുത്ത അന്തരീക്ഷം.പക്ഷേ വികസനത്തിന്റെ കാര്യത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടില്ല. ഒരു പാലമെന്ന ഇവിടുത്തുകാരുടെ സ്വപ്നത്തിലേയ്ക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്. ഒരു അംഗന്‍വാടിയും ഒരു ആയുര്‍വേദ ആശുപത്രിയുമാണ് ഇവിടെയുള്ളത്. 216 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മത്സ്യ കൃഷിയും തെങ്ങുംതോപ്പുകളും ടാര്‍ റോഡുകളില്ലാത്ത ഇടവഴികളുമാണ് ഇവിടുത്തെ പ്രത്യേകത. ടാർ ഇല്ലാത്ത റോഡിൽ കൂടി നടക്കാൻ തന്നെ നല്ല സുഖമാണ്. ഭൂമിയെ അറിഞ്ഞ് നടക്കാമല്ലോ. കൈതപ്പുഴ കായലിലൂടെ പാണാവള്ളിയില്‍ നിന്നും ഉളവയ്പില്‍ നിന്നും വള്ളത്തില്‍ ദ്വീപിലേക്കുള്ള യാത്ര സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണ്. കായൽ യാത്രയുടെ സുഖം ഒന്ന് വേറേ തന്നെയാണ്. കാഴ്ചകൾ ഇവിടെ അവസാനിക്കുന്നില്ല. കക്കവാരുന്നതും, വലവീശുന്നതും, ചൂണ്ടയിടുന്നതും നാട്ടിൻപുറത്തിന്റെ ഭംഗി കൂടുതൽ തുറന്നു കാട്ടുന്നു.വള്ളത്തിൽ സഞ്ചരിച്ച് തന്നെ ദ‌‌ൃശ്യങ്ങൾ പകർത്തി.

sunset3

ചെറുവള്ളത്തിൽ പോകുന്നവരുടെ യാത്രയും മനോഹരമാണ്. മാനത്തെ കാർമേഘങ്ങൾ എങ്ങോ പോയി മറഞ്ഞു. അസ്തമയ സൂര്യനെ തേടി വന്ന എനിക്ക് അനുവാദം തന്നതാകാം. കാത്തിരുന്ന സമയം വന്നെത്തി. കായൽപരപ്പിൽ പ്രതിബിംബം തീർത്ത് അസ്തമയമായി. സൂര്യൻ അസ്തമയിക്കുന്നത് പൂർണമായും ക്യാമറയിൽ പക‌ർത്താൻ കഴിഞ്ഞു. ഇതൊരു വിസ്മയ കാഴ്ച തന്നെയാണ്.വൈകിട്ട് 6 മണിമുതല്‍ 7 മണിവരെയുള്ള 1 മണിക്കൂറിനിടയില്‍ പകര്‍ത്തിയ കാക്കത്തുരുത്തിലെ അസ്തമയത്തിന്റെ 10 വ്യത്യസ്ത ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞു. ഈ ചിത്രങ്ങൾ കാക്കതുരുത്തിന്റെ അസ്തമയ സൂര്യന്റെ കഥ പറയും.

sunset4

നഗര ജീവിതത്തിലെ തിരക്കിൽ നിന്ന് ഒരൽപ്പം സമയം പ്രകൃതിയൊടൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വന്നിരിക്കാവുന്ന സ്ഥലമാണിത്. നിറഞ്ഞ മനസ്സോടെ കാക്കതുരുത്ത് സ്വാഗതം ചെയ്യുന്നു.