pp-mukunthan

കണ്ണൂർ: സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിക്കെതിരെ വ്യാജപ്രചാരണങ്ങൾ നടക്കുന്നുവെന്നും അതിനെതിരെ പാർട്ടി ഒന്നാകെ ജാഗരൂകമാകണമെന്നും മുതിർന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദൻ. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കേരളം തീവ്രവാദികളുടെ വിഹാര ഭൂമിയായി മാറിയെന്നും ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടെന്നും അദ്ദേഹം കുറിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സ്വർണക്കേസിൽ നിന്നും രക്ഷിച്ചെടുക്കാൻ കേന്ദ്ര തലത്തിൽ ശ്രമം നടക്കുന്നുണ്ടെന്നാണ് കിംവദന്തികളെന്നും തെറ്റായ പ്രചരണത്തെ ഫലപ്രദമായി നേരിടണമെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കാൻ ഉള്ള ശ്രമത്തിലാണല്ലോ നാം എല്ലാവരും. ഈ ഭഗീരഥയജ്ഞത്തിന് കേരളത്തിൽ ജനങ്ങളെ അണിനിരത്തി അവരെ നയിക്കുന്ന സുപ്രധാന ഉത്തരവാദിത്വം ബിജെപിയ്ക്ക് ആണ്. അങ്ങേയറ്റം ജാഗ്രതയും പ്രതിബദ്ധതയും ആവശ്യമുള്ള ഒരു മഹാദൗത്യമാണത്.

കോവി ഡ് മഹാമാരി വെല്ലുവിളിയുമായി നിൽക്കുന്നതും ഇതേ സമയത്താണ്. അതിനെ ജനങ്ങളുടെ മുന്നിൽ നിന്ന് നേരിടണം.
മറ്റൊന്ന് കേരളം തീവ്രവാദികളുടെ വിഹാരഭൂമിയായി മാറിയെന്ന യാഥാർത്ഥ്യം. മുമ്പത്തെ കാശ്മീരിന്റെ അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകുന്നതിനുള്ള തകൃതിയായ ശ്രമം തൽപ്പരകക്ഷികൾ നടത്തുന്നതിന്റെ ദൃഷ്ടാന്തങ്ങൾ സ്വർണ്ണക്കള്ളക്കടത്തിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്നു.

അവരുടെ സ്വാധീനം എവിടെ വരെയെത്തിയെന്നത് ദേശസ്നേഹികളെ ഉത്ക്കണ്ഠപ്പെടുത്തുന്നതാണ്. ജമ്മു കാശ്മീരിന്റെ വിശേഷാധികാരങ്ങൾ റദ്ദാക്കിയപ്പോഴും പൗരത്വ ബിൽ പാസാക്കിയപ്പോഴും കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങൾ കാട്ടിത്തന്നതും തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ഇവിടെ വർദ്ധിച്ചു വരുന്ന സ്വാധീനമാണ്. ഇതിനെല്ലാം അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവന്ന യു.എൻ. റിപോർട്ട്.


ഇതിനിടയിലാണ് സംസ്ഥാനം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആദ്യം പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പും. നേരത്തെ ശബരിമല യുവതീ പ്രവേശം സംബന്ധിച്ച് കേരളത്തിലെ ഈശ്വരവിശ്വാസികൾ ഒന്നടക്കം പങ്കെടുത്ത പ്രക്ഷോഭം അടുത്ത തിരഞ്ഞെടുപ്പിൽ ആർക്കാണ് നേട്ടമുണ്ടാക്കിയെന്നത് ഇവിടെ പാഠമാകേണ്ടതുണ്ട്. കേരളീയ പൊതു സമൂഹം ഇടത് വലത് മുന്നണികളുടെ മാറി മാറിയുള്ള ദുർഭരണത്തിൽ മടുത്ത് ഒരു ബദലിനു വേണ്ടി കാത്തിരിക്കുന്നുവെന്നത് ഗൗരവത്തിൽ കാണേണ്ട സമയമാണിത്.

കേരള രാഷ്ട്രീയത്തിൽ ഗുണപരമായ ഒരു പരിവർത്തത്തിന്റെ ചാലകശക്തിയാവുക എന്നത് കാലത്തിന്റെ വെല്ലുവിളിയായി ബിജെപി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.ഇത് വിജയകരമായി നടപ്പാക്കാൻ ജനങ്ങൾക്കിടയിലെ പാർട്ടിയുടെ സ്വീകാര്യതയും വിശ്വാസ്യതയും വർധിച്ചേ മതിയാവൂ.

ഇതിനിടയിൽ പാർട്ടിയെക്കുറിച്ച് ജനമനസ്സിൽ തെറ്റിധാരണകളും സംശയങ്ങളും ഉയർത്തുന്ന പ്രചരണം ചിലർ നടത്തുന്നത്. അവ തീരെ അവഗണിക്കാവുന്ന വയല്ല. അർഹിക്കുന്ന ഗൗരവത്തോടെ വിശദീകരിക്കപ്പെടെണ്ടവയയാണ് . അതീവ ഗുരുതരസ്വഭാവം ഉള്ള റിപ്പോർട്ട്‌ ആണ് അവയിൽ ചിലത്.

ബിജെപിയുടെ മാത്രമല്ല, മൊത്തം സംഘപരിവാർ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ദേശീയ തല നേതാക്കളുടെ പേരുകൾ പോലും ഇതിലേക്ക് വലിചിഴക്കപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മുറിവേൽക്കാതിരിക്കാൻ സ്വർണക്കടത്ത് കേസിൽ പോലും ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്നൊക്കെയാണ് റിപ്പോർട്ട്‌. ഇതിനെതിരെ പാർട്ടി ഒന്നാകെ ജാഗരൂകമാകണം. തെറ്റായ പ്രചാരണം നടത്തുന്നതിനെ ഫലപ്രദമായി നേരിടണം. എങ്കിൽ മാത്രമേ ആത്മ നിർ ഭർ ഭാരതമെന്ന സങ്കല്പം കർമ്മ പഥങ്ങളിലെത്തിക്കാൻ കഴിയൂ.

ശ്രീ പി.പി മുകുന്ദൻ.'