pic

ചത്തീസ്ഗഢ്: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തു പകർന്നു കൊണ്ട് ഫ്രാൻസിൽ നിന്നുളള റാഫേൽ യുദ്ധ വിമാനങ്ങൾ 7000 കിലോമീറ്ററുകൾ താണ്ടി ഇന്ന് ഇന്ത്യയിലെത്തും. കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ വിമാനങ്ങൾ അബുദാബിയിലെ ഫ്രഞ്ച്​ വ്യോമ താവളത്തിൽ നിന്ന്​ ഇന്ധനം നിറച്ചതിന്​ ശേഷം ഇന്ന് ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ്​ ഇറക്കുക. അബുദാബിയിൽ നിന്ന് ഇന്ത്യയുടെ വ്യോമസേനാ ടാങ്കർ വിമാനങ്ങൾ, റാഫേലിന് അകമ്പടിയായെത്തും.

സുരക്ഷാഭീഷണി കണക്കിലെടുത്ത് അംബാലയിലും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലും ജില്ലാ മജിസ്ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. അംബാല വ്യോമത്താവളത്തിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തി. വ്യോമത്താവളത്തിന്റെ ചിത്രങ്ങളെടുക്കുന്നത് നിരോധിച്ചു.അംബാല എയർബേസിന് സമീപമുളള നാല് ഗ്രാമങ്ങളിലാണ് 144 പ്രഖ്യാപിച്ചിട്ടുളളത്. യുദ്ധവിമാനങ്ങൾ ലാന്റ് ചെയ്യുമ്പോൾ പ്രദേശവാസികൾ കെട്ടിടങ്ങളുടെ മുകളിൽ കയറി നിന്നു ഇത് കാണുന്നതും ഫോണിൽ ചിത്രങ്ങളെടുക്കുന്നതും തടയാനാണ് ഇവിടെങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്നും അംബാല ഡി.എസ്.പി മുനിഷ് സെഗാൾ പറഞ്ഞു. സെൻസിറ്റീവ് സോണായ ഇവിടെ മൂന്ന് കി.ലോ മീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം റാഫേലിന്റെ ഉദ്ഘാടന ചടങ്ങ് പിന്നീട് തീരുമാനിക്കുമെന്നും അന്ന് മാദ്ധ്യമങ്ങളെ അനുവദിക്കുമെന്നും സേനാ വക്താവ് അറിയിച്ചു. അഞ്ചു യുദ്ധ വിമാനങ്ങളാണ്​ ആദ്യഘട്ടത്തിൽ എത്തുന്നത്​. ഇവയുൾപ്പെടെ 36 വിമാനങ്ങളാണ്​ ഫ്രാൻസ്​ ഇന്ത്യയ്ക്ക്​ നിർമിച്ചു നൽകുന്നത്​. തെക്കൻ ഫ്രാൻസിലെ മെറിനിയാക് വ്യോമത്താവളത്തിൽ നിന്നാണ് വിമാനങ്ങൾ തിങ്കളാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ടത്. ഒറ്റ സീറ്റുള്ള മൂന്ന്​ വിമാനങ്ങളും ഇരട്ട സീറ്റുള്ള രണ്ട്​ വിമാനങ്ങളുമാണുള്ളത്​. വിമാനങ്ങൾക്ക് ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാൻ അബുദാബി വരെ ഫ്രഞ്ച് വ്യോമസേനാ ടാങ്കർ വിമാനങ്ങൾ ഒപ്പം പറന്നു. രണ്ടു തവണ യാത്രക്കിടെ ഇന്ധനം നിറച്ചിരുന്നു. മിറാഷ്​ യുദ്ധ വിമാനങ്ങളേക്കാളും ശേഷിയുള്ള റാഫേൽ വിമാനങ്ങൾ ആഗസ്​റ്റ്​ 30ന്​ മുമ്പെ പ്രവർത്തന സജ്ജമാവും.