rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. രാത്രിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിലാണ് മഴ കൂടുതൽ ശക്തം. പലജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിയിട്ടുണ്ട്. എറണാകുളത്ത് തോപ്പുംപടി മേഖലകളിലുൾപ്പെടെ പലയിടത്തും വെളളംകയറി. കോട്ടയത്ത് പടിഞ്ഞാറൻ മേഖലയിലും മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ്. നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ശക്തമായ തിരമാലകൾക്ക് സാദ്ധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.

തിരുവനന്തപുരത്തെ അരുവിക്കര ഡാമിൽ നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് ഡാമിന്റെ മൂന്നാമത്തെ ഷട്ടർ പത്ത് സെന്റിമീറ്റർ ഉയർത്തി. മഴ തുടർന്നാൽ ഷട്ടർ മുപ്പത് സെന്റീമീറ്റർ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നാലു ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുളളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.