തിരുവനന്തപുരം: കർക്കടകത്തിൽ തുള്ളിക്കൊരു കുടം കണക്കെ സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ ജനജീവിതം ദു:സ്സഹമായി. സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നലെ രാത്രി 10.30ഓടെ ആരംഭിച്ച മഴയാണ് ശമനമില്ലാതെ തുടരുന്നത്. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലുമാണ് ശക്തമായ മഴ പെയ്യുന്നത്. വടക്കൻ മേഖലകളിൽ കാര്യമായ മഴയില്ല. തലസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തനടിയിലായി. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നദികളുടെ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. ഗ്രാമപ്രദേശങ്ങളിൽ ആറുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തും റോഡുകളിൽ വെള്ളം കയറി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരവേയാണ് മഴയും ശക്തിപ്രാപിക്കുന്നത്. അതിനാൽ, ആശങ്ക കടുക്കുകയാണ്.
തിരുവനന്തപുരം നഗരത്തിൽ തമ്പാനൂർ, എസ്.എസ് കോവിൽ റോഡ് കിഴക്കേകോട്ട എന്നിവിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. കാൽനട യാത്രയ്ക്ക് പോലും കഴിയാത്ത സ്ഥിതിയിൽ റോഡുകളിൽ മുട്ടോളം വെള്ളം പൊങ്ങിയിട്ടുണ്ട്. നഗരത്തിൽ ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിക്കുകയും രാവിലെ ഏഴ് മുതൽ വൈകിട്ട് 7 വരെ കടകൾ തുറക്കാൻ അനുമതി നൽകിയതോടെയും രാവിലെ സാധനങ്ങൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി ഇറങ്ങിയവർ കഷ്ടപ്പെട്ടു. റോഡുകളിൽ വെള്ളം കയറിയതോടെ ഇരുചക്ര വാഹനങ്ങളിൽ ഇറങ്ങിയവരാണ് ഏറെ ദുരിതം നേരിടേണ്ടി വന്നത്.
കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട , എറണാകുളം, തൃശൂർ ജില്ലകളിലും മഴ ശക്തിയായി തുടരുകയാണ്. കൊച്ചിയിലും ഇന്നലെ രാത്രി മുതൽ തന്നെ മഴ തുടങ്ങിയിരുന്നു. കനത്ത മഴയെ തുടർന്ന് പള്ളുരുത്തി, തോപ്പുംപടി, കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിലടക്കം വെള്ളം കയറി. പലയിടത്തും ഗതാഗതവും തടസപ്പെട്ടു. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തനടിയിലാണ്. നഗരത്തിന് സമീപമുള്ള ഉദയ കോളനി, കമ്മട്ടിപ്പാടം, പെരുമ്പടപ്പ് പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. പലയിടത്തു നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. കോട്ടയത്തും കനത്ത മഴ തുടരുകയാണ്. മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ജില്ലാഭരണകൂടം ജാഗ്രാതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കോട്ടയത്ത് റെയിൽവേ ടണലിൽ മണ്ണിടിഞ്ഞതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ശമനമില്ലാതെ മഴ തുടരുന്നത് ഇതിന് വിഘാതം സൃഷ്ടിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ മഴ കനത്തതിനാൽ മണിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയേക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിന് 5 മുതൽ 10 വരെ സെന്റിമീറ്റർ ഉയർത്തേണ്ടി വരും. കക്കിട്ടാറിന്റേയും പമ്പയാറിന്റേയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കളക്ടർ വ്യക്തമാക്കി.
ഓറഞ്ച് അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയിൽ നാളെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യത്തൊഴിലാളികൾ രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകി. അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 30 സെ.മീ കൂടി ഉയർത്തുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ട സാഹചര്യമുണ്ടായാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഇന്ന് രാത്രി വരെ തീരത്ത് 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
വടക്കൻ കേരളത്തിൽ നാളെ മഴ ശക്തമാകും
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ കേരളത്തിൽ നാളെയോടെ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതോടൊപ്പം ശക്തമായ കാറ്റും വീശാനും സാദ്ധ്യതയുണ്ട്.