തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കഴിഞ്ഞ രണ്ടുദിവസം ചോദ്യം ചെയ്തശേഷം വിട്ടയച്ചെങ്കിലും ആവശ്യമെങ്കിൽ ഏതുസമയവും വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയേക്കുമെന്ന സൂചന പുറത്തുവരുന്നുണ്ട്. കേസിൽ കൂടുതൽ പ്രതികളുടെ ചോദ്യം ചെയ്യലിനും സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങളുടെ പരിശോധനയ്ക്കുംശേഷം മാത്രമാവും ആവശ്യമെങ്കിൽ വിളിച്ചുവരുത്തുക.
സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങൾ നിർണായകമാകും
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എൻ.ഐ.എ സെക്രട്ടേറിയറ്റിലെ മുഴുവൻ ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇത് പകർത്തുന്ന ജോലി നടക്കുകയാണ്. ദൃശ്യങ്ങൾ ലഭിച്ച ശേഷം അത് സൂക്ഷ്‌മമായി വിലയിരുത്തിയ ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് സൂചനകൾ. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള തെളിവ് കിട്ടിയാൽ അതിനനുസരിച്ചാവും എൻ.ഐ.എയുടെ അടുത്ത നീക്കം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എൻ.ഐ.എ കേസെടുത്തിരിക്കുന്നത്. എന്നാൽ, ഭീകരബന്ധവുമായോ സ്വർണക്കടത്തുമായോ ശിവശങ്കറിനെ നേരിട്ട് കൂട്ടിയിണക്കാവുന്ന തെളിവുകൾ ലഭ്യമായിട്ടില്ല. ശിവശങ്കറിനെ വിട്ടയച്ചതോടെ ദിവസങ്ങളോളം ആശങ്കയുടെ മുൾമുനയിലായിരുന്ന സർക്കാരിനും താത്കാലിക ആശ്വസമായി.
ശിവശങ്കറിനെ ചതിച്ചുവീഴ്‌ത്തിയതോ?
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ പ്രതികൾ ചതിച്ചെന്ന സംശയം എൻ.ഐ.എ ഉദ്യോഗസ്ഥരിൽ ശക്തമാകുന്നു. ചോദ്യം ചെയ്യലിനിടെ ശിവശങ്കർ നൽകിയ ചില മറുപടികളാണ് എൻ.ഐ.എയെ ഈ സംശയത്തിൽ എത്തിച്ചത്. സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കുന്നതിനായി കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവർ ഒരുക്കിയ തന്ത്രമായിരുന്നു സ്വപ്നയുടെ വീട്ടിലെ പാർട്ടി. പാർട്ടിക്കിടയിൽ ശിവശങ്കറിന് മദ്യത്തിൽ ലഹരി കലർത്തി നൽകിയെന്ന സംശയമുണ്ട്. നിരന്തരം ഇത്തരം പാർട്ടികൾ നടത്തിയാണ് ശിവശങ്കറുമായി കേസിലെ മുഖ്യപ്രതി സരിത്തും സ്വപ്‌നയും അടുത്തത്. പാർട്ടികൾക്കിടെ ശിവശങ്കറിനെ മുഖസ്തുതി പറഞ്ഞ് തന്ത്രത്തിൽ വീഴ്‌ത്തുകയും ചെയ്തു. ഇതിലെല്ലാം കൂടുതൽ വ്യക്തത വരണമെങ്കിൽ സരിത്ത്, സ്വപ്‌ന, സന്ദീപ് നായർ എന്നിവരെ ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എൻ.ഐ.എ പറയുന്നത്.