മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടി ഹസൻ എന്ന അറുപത്തേഴുകാരനാണ് മരിച്ചത്. ഇദ്ദേഹം കഴിഞ്ഞ 25മുതൽ മഞ്ചേരി മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്നു. കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ഹൃദ് രോഗത്തിന് ചികിത്സ തേടിയിരുന്നു. ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർക്ക് വ്യക്തമായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനും രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് മഞ്ചേരി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി ഹസന്റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപത്തെട്ടായി.
ഇന്നലെ മാത്രം നാലുമരണമാണ് റിപ്പോർട്ടുചെയ്തത്. എറണാകുളം സ്വദേശി അബൂബേക്കർ (72), കാസർകോട്ട് അബ്ദുൾ റഹ്മാൻ (70), ആലപ്പുഴയിൽ സൈനുദ്ദീൻ (65), തിരുവനന്തപുരത്ത് സെൽവമണി (65) എന്നിവരാണ് ഇന്നലെ മരിച്ചത്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇന്നലെ 1167 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 33 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. 679 പേർ രോഗമുക്തിയും നേടി.888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.