thief

തിരുവനന്തപുരം: ആറ്റിങ്ങലിൽ അഞ്ച് കടകളിൽ വൻ മോഷണം. കോരാണിയിൽ നിന്ന് ചിറയിൻകീഴിലേക്ക് പോകുന്ന റോഡിൽ ഒരേനിരയിൽ സ്ഥിതി ചെയ്യുന്ന രണ്ട് ബേക്കറികൾ,​ മെഡിക്കൽ സ്‌റ്റോർ,​ മൊബൈൽ ഷോപ്പ്,​ പച്ചക്കറി കട എന്നിവിടങ്ങളിലാണ് അർദ്ധരാത്രിയോടെ മോഷണം നടന്നത്. എല്ലാ കടകളുടെയും പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്.

മോഷണത്തിന് ശേഷം കടകളുടെ ഷട്ടർ താഴ്‌ത്തി പൂട്ട് പഴയതുപോലെ വച്ചിരുന്നു. രാവിലെ കട തുറക്കാനെത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. മെഡിക്കൽ സ്റ്റോറിൽ നിന്ന് 16,​000 രൂപ നഷ്ടമായി. മൊബൈൽ ഷോപ്പ് അടക്കമുള്ള മറ്റ് കടകളിൽ നിന്ന് ചില്ലറയായി ശേഖരിച്ചിരുന്ന നാണയത്തുട്ടുകളാണ് മോഷ്ടിച്ചത്. ഇത് എത്രത്തോളം രൂപയുണ്ടായിരുന്നെന്ന് കണക്കാക്കി വരുന്നതേയുള്ളൂ. മൊബൈൽ ഷോറൂമിലെ മൊബൈലുകൾ പ്രത്യേകം അറയിലാക്കി പൂട്ടിയിരുന്നതിനാൽ മോഷ്ടാവിന് തകർക്കാനായില്ല. ഇവിടത്തെ കംപ്യൂട്ടറും ഡിസ്‌പ്ളേക്കായി വച്ചിരുന്ന മൊബൈലുകളും മോഷ്ടാവ് തള്ളിയിട്ടിട്ടുണ്ട്. ആറ്റിങ്ങൽ പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുന്നു.