വാഷിംഗ്ടൺ: യു എസിലെ മയാമിയിൽ മലയാളി നഴ്സ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതികരണവുമായി മെറിന്റെ സഹപ്രവർത്തകർ. ആശുപത്രിൽ നിന്ന് കൊവിഡ് വാർഡിലെ ഡ്യൂട്ടി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞാണ് മെറിൻ വീട്ടിലേക്ക് തിരിച്ചത്. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും തനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞുപറഞ്ഞിരുന്നതെന്ന് സഹപ്രവർത്തകരിലൊരാൾ പറഞ്ഞു.
"ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചുകയറ്റിയത്. പാര്‍ക്കിംഗ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു’ – ആശുപത്രിയിലെ സഹപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.
രണ്ട് വർഷമായി അകന്നുകഴിയുകയായിരുന്നു മെറിനും ഭർത്താവും. ഇരുവരും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയത്. മെറിന്റെ സഹപ്രവര്‍ത്തകര്‍ അക്രമി സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ അടക്കം പകര്‍ത്തുകയും ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് വേഗത്തിലായത്. കൊലയ്ക്കുശേഷം സ്വയം കുത്തിമുറിവേല്‍പിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വെളിയനാട് സ്വദേശിയായ ഭർത്താവ് ഫിലിപ്പ് മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.