ആഡ്‌വെയറുകൾ നിറഞ്ഞ 29 ആപ്പുകളെ പ്ളേസ്‌റ്റോറിൽ നിന്ന് ഒഴിവാക്കി ഗൂഗിൾ. സൈബർ സുരക്ഷാ കമ്പനിയായ വൈറ്റ് ഓപ്‌സിന്റെ സുരക്ഷ ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ ആപ്പുകളാണിവ. ഇവയിൽ ഏറിയ പങ്കും ഫോട്ടോ എഡിറ്റിംഗിനുളള ആപ്പുകളായിരുന്നു.
ഈ ആപ്പുകൾ ഉപയോക്താവ് ഇൻസ്‌റ്റാൾ ചെയ്‌ത് കഴിഞ്ഞാൽ അവ പിന്നീട് കണ്ടെത്തി നീക്കം ചെയ്യാൻ പ്രയാസമാണ്. ഇത്തരത്തിൽ ആഡ്‌വെയറുളള ഒരു ആപ്പ് പ്ളേസ്‌റ്റോറിന്റെ സുരക്ഷാ പരിശോധനാ സംവിധാനത്തെ മറികടന്നും പ്രവർത്തിക്കുന്നതായും വൈറ്റ് ഓപ്‌സ് കണ്ടെത്തി. ഈ ആപ്പുകളുളള ഫോൺ ഉപയോഗിക്കുന്നവർ ഓരോ തവണ ഫോൺ ഉപയോഗിക്കുമ്പോഴും ആപ്പിലേക്ക് തനിയെ കോഡ് അയക്കുകയും പരസ്യങ്ങൾ ഉയർന്ന് വരികയും ചെയ്യും. ഫോൺ അൺലോക് ചെയ്യുമ്പോഴോ, ഒരു ആപ്പ് അൺ ഇൻസ്‌റ്റാൾ ചെയ്യുമ്പോഴോ ഫോൺ ചാർജ് ചെയ്യുമ്പോഴോ,മൊബൈൽ ഡാറ്റയിൽ നിന്ന് വൈഫൈയിലേക്ക് മാറ്റുമ്പോഴോ എല്ലാം ഇവ പ്രവർത്തിച്ചുകൊണ്ടേയിരിക്കും. നിലവിൽ 29 എണ്ണമാണ് എങ്കിലും ഭാവിയിൽ ഇത്തരം ആപ്പുകളുടെ എണ്ണം കണ്ടെത്തുന്നത് കൂടാനിടയുണ്ട്.
ഇടക്കിടെ ആപ്പുകൾക്ക് റേറ്റിംഗ് നൽകണമെന്ന് ആവശ്യപ്പെട്ട് വരുന്ന പരസ്യങ്ങളും ഇൻസ്‌റ്റാൾ ചെയ്‌ത ശേഷം അപ്രത്യക്ഷമാകുന്ന ആപ്പുകളും ശ്രദ്ധിക്കണമെന്നാണ് സുരക്ഷ ഇന്റലിജൻസ് ടീം നൽകുന്ന മുന്നറിയിപ്പ്.