കൊച്ചി: സ്വർണക്കടത്തുകേസിൽ കേസ് ഡയറി ഹാജരാക്കാൻ എൻ ഐ എയ്ക്ക് കോടതി നിർദ്ദേശം നൽകി. കേസിൽ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പട്ടികയായി നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ജാമ്യഹർജികൾ പരിഗണിക്കുന്നത് അടുത്തമാസം നാലിലേക്ക് കോടതി മാറ്റിയിട്ടുണ്ട്.
അതേസമയം വ്യാജ ബിരുദക്കേസിൽ സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസിന് കോടതി അനുമതിനൽകി. കേസിൽ സ്വപ്നയെ രണ്ടാം പ്രതിയാക്കി പൊലീസ് കോടതിയിൽ ഹർജി ഫയൽചെയ്തിരുന്നു. അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമാണ് അനുമതി നൽകിയിട്ടുളളത്.
സ്വർണക്കടത്തു കേസിൽ മൂന്നും നാലും പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ആഗസ്റ്റ് ഒന്നുവരെ ഇന്നലെ കോടതി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡിഷണൽ സി.ജെ.എം കോടതിയിൽ ഇന്നലെ രാവിലെ ഹാജരാക്കിയ ഇവരെ കസ്റ്റംസിനു കൈമാറി. എൻ.ഐ.എയുടെ കസ്റ്റഡിയിലിരിക്കെ ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയതാണെന്നും കസ്റ്റഡി അനിവാര്യമല്ലെന്നും പ്രതികളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, കേസിൽ നിർണായക പങ്കുളള ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ പിടികൂടാനുണ്ടെന്നും ഇവരുടെ പങ്കിനെക്കുറിച്ച് അറിയാൻ പ്രതികളെ ചോദ്യംചെയ്യണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി. തുടർന്നാണ് കസ്റ്റഡിയിൽ വിട്ടത്.
സ്വപ്നയുടെ നിരീക്ഷണച്ചുമതല സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഒരു വനിതാ കസ്റ്റംസ് ഓഫീസർക്കായിരിക്കണമെന്നും കസ്റ്റഡിയിൽ കുട്ടികളുമായി സംസാരിക്കാൻ അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.