sbi-card

കൊച്ചി: സ്ഥിരം ട്രെയിൻ യാത്രക്കാർക്ക് മികച്ച നേട്ടം സമ്മാനിക്കുന്ന പ്രത്യേക റൂപേ കാർഡ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (ഐ.ആർ.സി.ടി.സി)​ എസ്.ബി.ഐയും ചേർന്ന് പുറത്തിറക്കി. ഭക്ഷണം,​ വിനോദം,​ റീട്ടെയിൽ പർച്ചേസുകൾ എന്നിവയ്ക്ക് മികച്ച ഡിസ്‌കൗണ്ടും ഫീസിളവുകളും കാർഡിലൂടെ നേടാം.

കാർഡുടമകൾക്ക് എ.സി ടിക്കറ്രിന് 10 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കും. സജീവ കാർഡുകൾക്ക് 350 റിവാർഡ് പോയിന്റും ഐ.ആർ,.സി.ടി.സി വെബ്‌സൈറ്ര് വഴിയുള്ള ഇടപാടുകൾക്ക് ഒരു ശതമാനം ട്രാൻസാക്‌ഷൻ ഫീസ് ഇളവും കിട്ടും. ഐ.ആർ.സി.ടി.സി സൈറ്റിൽ റിവാർഡ് പോയിന്റ് റിഡീം ചെയ്‌ത് സൗജന്യ ടിക്കറ്രുകൾ നേടാനും അവസരമുണ്ട്. ഇന്ധന പർച്ചേസുകൾക്ക് സർചാർജിൽ ഒരു ശതമാനം ഇളവ് ലഭിക്കും. ബിഗ്‌ബാസ്‌കറ്ര്,​ ഒ.എക്‌സ്.എക്‌സ്.വൈ.,​ ഫുട് ട്രാവൽ,​ അജിയോ തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ഡിസ്‌കൗണ്ടും ലഭ്യമാണ്.

മെഡ്ലൈഫിൽ നിന്നുള്ള മരുന്നുകൾക്ക് 20 ശതമാനവും ഫിറ്റേണിറ്റിയിൽ 25 ശതമാനവും ഡിസ്‌കൗണ്ട് റൂപേ കാർഡ് വഴി ലഭിക്കും. റൂപേ നെറ്ര്‌വർക്കിലെ ഈ കാർഡ് യാത്രികർക്ക് സുരക്ഷിതത്വ‌വും മൂല്യവർദ്ധനയും ലഭ്യമാക്കുമെന്ന് എസ്.ബി.ഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. ഇന്ത്യയിലെ റിസർവ്ഡ് ട്രെയിൻ ടിക്കറ്രിന്റെ 72 ശതമാനവും കൈയാളുന്ന ഐ.ആർ.സി.ടി.സി രാജ്യത്തെ ഏറ്റവും വലിയ ട്രാവൽ പോർട്ടുകളിൽ ഒന്നാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എം.പി. മാൾ പറഞ്ഞു.

ഐ.ആർ.സി.ടി.സി എസ്.ബി.ഐ കാർഡ് വഴി റൂപേ ഇടപാടുകാർക്ക് യാത്ര,​ മറ്ര് വാങ്ങലുകൾ തുടങ്ങിയവയ്ക്ക് മികച്ച നേട്ടം ലഭിക്കുമെന്നും ഷോപ്പിംഗ് കൂടുതൽ സുഗമമാകുമെന്നും നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ)​ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ദിലീപ് അസ്‌ബ പറഞ്ഞു.