ghost

ലോകമാകെ കൊറോണ വൈറസ് സൃഷ്‌ടിച്ച പ്രതിസന്ധി അലയടിക്കുകയാണ്. വൈറസിനെ അക‌റ്രാൻ സാമൂഹിക അകലം പാലിച്ചും കൈകൾ വൃത്തിയാക്കിയും മാസ്‌ക് ഉപയോഗിച്ചും പുതിയ ജീവിത ശൈലി പഠിക്കുകയാണ് മനുഷ്യർ. വൈറസ് പെട്ടെന്ന് പടർന്ന് പിടിക്കുന്നത് അക‌‌റ്രാനായി സമ്പർക്കം വരുന്ന എല്ലായിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയാണ് നാമിപ്പോൾ.

എന്നും ഉപയോഗിക്കുന്ന വാഹനത്തിനുള‌ളിലും ഇത്തരത്തിൽ വൃത്തിയാക്കൽ തകൃതിയിലാണ് . എന്നാൽ ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ റോൾസ് റോയ്‌സ് ഇത്തരത്തിൽ വാഹനത്തിൽ നിന്ന് വൈറസ് പടരുന്നത് തടയാൻ പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ്. മൈക്രോ അന്തരീക്ഷ ശുദ്ധീകരണ സംവിധാനം (എംഇപിഎസ്) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിൽ കാറിനുള‌ളിലെ അപകടകരമായ കാർബൺ, ബാക്‌ടീരിയകൾ,വൈറസുകൾ എന്നിവയെ ഇല്ലാതാക്കി കാറിൽ യാത്രചെയ്യുന്നയാൾക്ക് തികച്ചും ശുദ്ധമായ വായു തന്നെ ശ്വസിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

നഗരങ്ങളിലും മ‌റ്റുമുള‌ള വർദ്ധിച്ച് വരുന്ന അന്തരീക്ഷമലിനീകരണവും പുതിയ ഭീഷണികളുമാണ് ഇത്തരത്തിൽ സംവിധാനമൊരുക്കാൻ കമ്പനിയെ ചിന്തിപ്പിച്ചത്. നിലവിൽ തന്നെ കാറിനുള‌ളിലെ അന്തരീക്ഷം ശുദ്ധമായതാണെന്നും അവ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ എംഇപിഎസ് കാരണം സാധിക്കും. റോൾസ് റോയിസിന്റെ 'ഗോസ്‌റ്റ്'ൽ ഈ സംവിധാനം പുതുതായി ഉപയോഗിക്കും. ഒപ്പം കാറിലെ സോഫ്‌റ്റ്‌വെയർ ഹാർഡ് വെയർ ഭാഗങ്ങളിലും സാരമായ മാ‌റ്റമുണ്ടാകും.

വാഹനത്തിൽ ഘടിപ്പിക്കുന്ന മലിനവായു കണ്ടെത്തുന്ന സെൻസറുകൾ അന്തരീക്ഷത്തിലെ വായു പരിശോധിക്കുകയും നിരന്തരം ശുദ്ധീകരിക്കുകയും ചെയ്യും. ഈ അടുത്ത കാലത്ത് കാർ നിർമ്മാണ കമ്പനിയായ ഹ്യുണ്ടായും അന്തരീക്ഷ മലിനീകരണം കണ്ടെത്തുന്ന സംവിധാനം കാറിൽ ഏർപ്പെടുത്തിയിരുന്നു. മലിനീകരണ തോത് ഉയരുന്നതനുസരിച്ച് കാറിനുള‌ളിൽ അലാറം മുഴങ്ങും. റോൾസ് റോയിസിലും ഈ സംവിധാനമുണ്ട്.