smoking

ലോകത്താകമാനം കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്ത്യയിൽ കൊവിഡ് രോഗികൾ 15 ലക്ഷം കടന്നു. 15.31 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 768 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴിതാ പുകവലിക്കാരിൽ കൊവിഡ് വ്യാപനത്തിന് സാദ്ധ്യതയെന്നാണ് റിപ്പോർട്ടുകൾ.

ആളുകൾ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശങ്ങളിൽ വൈറസ് വ്യാപനതോത് 57 ശതമാനമാണ്. പുകവലിക്കാരിൽ കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത അത്യധികമാണ്.ഇവരിൽ രോഗലക്ഷണങ്ങൾ അധികരിക്കാനോ മരണം സംഭവിക്കാനോ സാദ്ധ്യതയുണ്ട്.

കഴിഞ്ഞ മേയ് മാസത്തിൽ ഇന്തോനേഷ്യയിൽ ആളുകൾക്കിടയിലെ വ്യാപക പുകവലിയാണ് ഇവിടുത്തെ ആളുകളിൽ മരണനിരക്ക് വർദ്ധിക്കാൻ കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാജ്യത്തെ മരിച്ച മിക്ക കൊവിഡ് വൈറസ് രോഗികളുടേയും ശ്വാസകോശം അനാരോഗ്യകരമായിരുന്നു. ഇതിന് കാരണമായതും അവരുടെ പുകവലി ശീലം തന്നെയാണ്.

പുകവലി ശീലമുള്ളയാളുകള്‍ക്ക് കൊവിഡ് ബാധിച്ചാൽ വളരെ മോശമായ സ്ഥിതിയിലേക്ക് എത്തുമെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യ സംഘടന നടത്തിയ ഒരു പഠനത്തില്‍, പുകവലി ഇല്ലാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവര്‍ക്ക് കൊവിഡ് രോഗം ബാധിച്ചാൽ മറ്റ് ഗുരുതരമായ അസുഖങ്ങളും വരാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നു.

പുകവലിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉള്ളവരിലും എ.സി.ഇ-2 എന്‍സൈമുകള്‍ വളരെ ഉയര്‍ന്ന അളവില്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് കൊവിഡ് വൈറസിനെ ശ്വാസകോശ അറകളിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് യൂറോപ്യന്‍ റസ്പിറേറ്ററി ജോര്‍ണല്‍ പുറത്തുവിട്ട പഠനം വിശദീകരിക്കുന്നു.