തിരുവനന്തപുരം: ഒരു കാൻവാസിൽ പകർത്തിയതെന്നപോലെ മോഹൻലാലിന്റെ കഥാപാത്രങ്ങൾ പലതും ആരാധകരുടെ മനസിൽ മായാതെ നിൽപ്പുണ്ടാവും. അത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലൂസിഫർവരെ.. എന്നാൽ, ലാലേട്ടന്റെ കഥാപാത്രങ്ങളെ മനസിൽ പ്രതിഷ്ഠിച്ചതുപോലെ ഒറിജിനൽ കാൻവാസിലേക്ക് പകരുകയാണ് തൃശൂർ സ്വദേശി നിഖിൽ. ഒന്നും രണ്ടുമല്ല 333 ചിത്രങ്ങളിലെ മോഹൻലാൽ കഥാപാത്രങ്ങളുടെ വ്യത്യസ്ത ഭാവങ്ങൾക്കാണ് നിഖിൽ കാൻവാസിൽ നിറം പകർന്നത്. ഈ ചിത്രങ്ങളെല്ലാം ഉൾപ്പെടുത്തി അടുത്തിടെ തൃശൂർ ലളിതകലാ അക്കാഡമിയിൽ പ്രദർശനം സംഘടിപ്പിച്ചു.
ലാലേട്ടന്റെ ഒരു സിനിമപോലും നിഖിൽ വിടാറില്ല. അങ്ങനെ ആ കഥാപാത്രങ്ങൾ മനസിൽ ഇടംപിടിച്ചപ്പോൾ അത് കാൻവാസിലേക്ക് പകർത്തണമെന്ന് തോന്നി. അങ്ങനെയാണ് ഈ ബൃഹത് ഉദ്യമത്തിന് നിഖിൽ തുടക്കമിട്ടത്. നിഖിലിന് ഇനിയൊരു ആഗ്രഹം കൂടിയുണ്ട്. താൻ വരച്ച ചിത്രങ്ങൾ ലാലേട്ടനെ കാണിക്കണം. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
പരിസ്ഥിതിയോട് ഇണങ്ങിയാണ് നിഖിലിന്റെ രചന. മൈലാഞ്ചി ഇല ഉണക്കി പൊടിയാക്കിയ ശേഷം കുഴമ്പാക്കിയാണ് വരയ്ക്കാൻ ഉപയോഗിക്കുന്നത്. ഈവന്റ് മാനേജ്മെന്റുകാർ ഉപയോഗിക്കുന്ന കട്ടി കുറഞ്ഞ ചാക്കാണ് (ജ്യൂട്ട്) കാൻവാസ്. ഇതിന്റെ ഫ്രെയിമുകൾ മുള കൊണ്ടുള്ളതാണ്. ഇതിന് മുമ്പ് കേന്ദ്ര ഭരണ പ്രദേശങ്ങളടക്കം 31 സംസ്ഥാനങ്ങളുടെ നൃത്ത സംസ്കാരങ്ങളും വാദ്യോപകരണങ്ങളും കാൻവാസിലാക്കിയിട്ടുണ്ട്.
ചെറുപ്പത്തിൽ ചിത്രങ്ങൾ വരയ്ക്കുമെന്നല്ലാതെ ശാസ്ത്രീയമായി നിഖിൽ ചിത്രകല പഠിച്ചിട്ടൊന്നുമില്ല. തൃശൂർ ലാ കോളേജിൽ പഠിക്കവെ ഫാഷൻ ഡിസൈനിംഗിൽ കമ്പം കയറി പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് ഡൽഹിക്ക് വണ്ടികയറി. പഠനത്തിന് ശേഷം ഡിസൈനിംഗ് ജോലിക്കിടെയാണ് ചിത്രരചന പൊടിതട്ടിയെടുത്തത്. മൂന്ന് വർഷമായി ചിത്രപ്രദർശനത്തിൽ നിന്ന് ലഭിക്കുന്ന തുക സന്നദ്ധ സേവനത്തിനാണ് ചെലവിടുന്നത്. സ്‌പെഷ്യൽ സ്കൂളിലെ കുട്ടികളുടെ ഉന്നമനത്തിനും ഒരു വിഹിതം ഉപയോഗിക്കുന്നുണ്ട്.
മോഹൻലാലിനോടുള്ള കടുത്ത ആരാധനയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ വരയ്ക്കാൻ പ്രേരണയായത്. ലാലേട്ടന്റെ സിനിമകളെല്ലാം കാണാറുണ്ട്. ചിത്രങ്ങൾ അദ്ദേഹം കാണണമെന്ന് ആഗ്രഹമുണ്ട്. അത് ഉടൻ സാധിക്കുമെന്ന് കരുതുന്നു.
- നിഖിൽ