ന്യൂഡൽഹി: ഗള്‍ഫില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയ്ക്കും കേന്ദ്ര സര്‍ക്കാരിനുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നോട്ടീസിന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്ത് കൊണ്ട് തയ്യാറാകുന്നില്ലെന്നും ജസ്റ്റിസ് റാവു ചോദിച്ചു. ഇക്കാര്യത്തിലുള്ള വിശദീകരണവും നല്‍കാന്‍ കോടതി കൗണ്‍സിലിനോട് നിര്‍ദേശിച്ചു. നീറ്റ് പരീക്ഷ കേന്ദ്രങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് രണ്ടാം വാരം ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.
ഗള്‍ഫില്‍ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഖത്തര്‍ കെ എം സി സിയും ഒന്‍പത് രക്ഷാകര്‍ത്താക്കളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. വന്ദേഭാരത് മിഷന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ ഉണ്ടെങ്കിലും നീറ്റ് പരീക്ഷ എഴുതാൻ വരേണ്ട പല വിദ്യാർത്ഥികൾക്കും ടിക്കറ്റ് ലഭിക്കുന്നില്ല. ടിക്കറ്റ് ലഭിച്ചാലും ഇന്ത്യയിൽ എത്തിയാൽ വിദ്യാർത്ഥികൾക്ക് ക്വാറന്റീനിൽ പോകേണ്ടി വരും. ചില സംസ്ഥാനങ്ങളിൽ 21 ദിവസം വരെയാണ് ക്വാറന്റീനിൽ കഴിയേണ്ടത്. അതിനാൽ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷ എഴുതാൻ ബുദ്ധിമുട്ടാകും എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.