ray

വലിയൊരു ആനയുടെ ചെവി പോലെ ആകൃതി. 800 കിലോയ്‌ക്കടുത്ത് ഭാരം. സാധാരണ ഒരു മനുഷ്യനെക്കാൾ നീളമുണ്ട്. ബംഗാളിലെ ദിഗ തീരപ്രദേശത്ത് നിന്നും മത്സ്യബന്ധനത്തിന് പോയവർക്ക് ലഭിച്ച വമ്പൻ തിരണ്ടിയുടെ വലുപ്പമാണ് പറഞ്ഞത്. 'ഭീമൻ ചെകുത്താൻ തിരണ്ടി' എന്ന് പേരുള‌ള വമ്പൻ തിരണ്ടിക്ക് 50000 രൂപ വിലകിട്ടി. ഭീമന്റെ വലുപ്പം കണ്ട് തുറമുഖത്ത് വന്ന ജനങ്ങൾ അമ്പരന്നുപോയി .

8 അടി നീളവും 5 അടി വീതിയുമുള‌ള വമ്പൻ മീനിനെ ഒഡീഷയിലെ ദിഗ‌യ്ക്ക് സമീപത്ത് നിന്നുമാണ് പിടികൂടിയതെന്ന് മുക്കുവർ‌ പറയുന്നു. തങ്ങൾക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും വലുത് ഈ ഭീമൻ തിരണ്ടി തന്നെയാണെന്ന് അവർ അഭിപ്രായപ്പെടുന്നു. പ്രാദേശികമായി ശങ്കർ ഫിഷ് എന്നാണ് ഇവ അറിയപ്പെടുന്നത്.വീതിയുള‌ള പരന്ന് നീണ്ട ശരീരമുള‌ള തിരണ്ടികൾ മത്സ്യ വിഭാഗത്തിൽ പെട്ടവയാണ്. നീളമേറിയ വാല് ഇവയുടെ പ്രത്യേകതയാണ്. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലെ കടലിലാണ് കൂടുതലായും ഇവ കാണപ്പെടുന്നത്.