കൊച്ചി: കനത്ത മഴയിൽ സംസ്ഥാനത്ത് പരക്കെ നാശം. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലാണ്. കൊച്ചി ഇടപ്പളളി വട്ടേക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം റോഡ് ഇടിഞ്ഞുതാണ് വഴിവക്കിൽ പാർക്കുചെയ്തിരുന്ന മൂന്ന് വാഹങ്ങൾ പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞു. വാഹനങ്ങളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. മണ്ണിടിച്ചിലിൽ ഇതിന് സമീപത്തുളള ഒരു കിണറും മൂടിപ്പോയി. കൊച്ചിയിൽ എംജി റോഡ്, പനമ്പിളളി നഗർ, പാലാരിവട്ടം, തമ്മനം എന്നിവിടങ്ങളെല്ലാം വെളളത്തിൽ മുങ്ങി. വീടുകളിലും കടകളിലും വെളളം കയറി. വെളളം കയറിയ വീടുകളിൽ നിന്ന് ആൾക്കാരെ മാറ്റിപ്പാർപ്പിക്കാനുളള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. പ്രധാന റോഡുകൾ വെളളത്തിനടിയിലായതോടെ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. കൊച്ചി മധുര ദേശീയപാതയിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.കെ എസ് ആർ ടിസി സ്റ്റാൻഡിൽ വെളളം കയറി. ഓഫീസിലും വെളളം കയറി. ബസുകൾ സ്റ്റാൻഡിന് പുറത്തു നിറുത്തി യാത്രക്കാരെ കയറ്റുകയായിരുന്നു.
കോട്ടയം ജില്ലയിലും മഴ കനത്ത നാശം വിതയ്ക്കുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലാണ്. പലയിടങ്ങളിലും ഉരുൾപൊട്ടൽ ഭീഷണിയുമുണ്ട്. ഇവിടങ്ങളിൽ നിന്ന് ആൾക്കാരെ മാറ്റിപ്പാർപ്പിക്കാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ വീടുകളിലും കടകളിലും വെളളം കയറിയതായും റിപ്പോർട്ടുണ്ട്. റെയിൽവേട്രാക്കിൽ മണ്ണിടിഞ്ഞുവീണിട്ടുണ്ട്. ശക്തമായ കാറ്റിൽ പലയിടങ്ങളിലും വൻ മരങ്ങൾ കടപുഴകി വീണു. മെഡിക്കൽ കോളേജ് റോഡിൽ ചുങ്കം കവലയിൽ പടുകൂറ്റൻ മരം വീടിന് മുകളിലേക്ക് വീണു. വീട് തർന്നെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നദികളിൽ ജലനിരപ്പ് വൻതോതിൽ ഉയർന്നിരിക്കുകയാണ്. മീനച്ചിലാറ്റിൽ വെളളമുയർന്നതിനെത്തുടർന്ന് ചുങ്കം പാലത്തിന് സമീപത്ത് താമസിക്കുന്ന ചുങ്കംതേങ്കോണത്ത് ശാരദയുടെ വീടിന്റെ മുറ്റം ഇടിഞ്ഞ് താണു. വീടും അപകടാവസ്ഥയിലാണ്.
മറ്റുജില്ലകളിലും മഴ തുടരുകയാണ്. മിക്കയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലാണ്. നീരൊഴുക്ക് കൂടിയതിനാൽ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തിയിട്ടുണ്ട്.