fact

കൊച്ചി: രാജ്യത്തിന്റെ കിഴക്കൻ മേഖലയിലേക്ക് രാസവളം കപ്പൽമാർഗം അയയ്ക്കാനുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്‌ടിന്റെ (ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്)​ നടപടികൾക്ക് തുടക്കമായി. കൊച്ചി തുറമുഖ ട്രസ്‌റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യവ്യാപക സാന്നിദ്ധ്യമറിയിക്കുകയെന്ന ഫാക്‌ടിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി,​ ആദ്യ രാസവള കണ്ടെയ്‌നർ കപ്പൽ എം.വി. എസ്.എസ്.എൽ വിശാഖപട്ടണം ഇന്നലെ വല്ലാർപാടം ടെർമിനലിൽ നിന്ന് ബംഗാളിലെ ഹാൽദിയ തുറമുഖത്തേക്ക് പുറപ്പെട്ടു. ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് കമ്പനിയുടെ കീഴിലുള്ള ശ്രേയസ് ഷിപ്പിംഗ് ആൻഡ് ലോജിസ്‌റ്റിക്‌സ് ആണ് കപ്പൽ നിയന്ത്രിക്കുന്നത്.

20 ടി.ഇ.യു കണ്ടെയ്‌നറുകളിലായി 560 ടൺ അമോണിയം സൾഫേറ്രാണ് കപ്പൽ വഹിക്കുന്നത്. കണ്ടെയ്‌നറുകളുടെ ഫ്ലാഗ് ഓഫ് കർമ്മം എറണാകുളം ഉദ്യോഗമണ്ഡലിലെ ഫാക്‌ടിൽ കൊച്ചി തുറമുഖ ട്രസ്‌റ്ര് ചെയർമാൻ ഡോ.എം. ബീന,​ ഫാക്‌ട് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ കിഷോർ റംഗ്ത എന്നിവർ ചേർന്ന് നിർവഹിച്ചു. ആഗസ്‌റ്ര് എട്ടിന് കപ്പൽ ഹാൽദിയ തുറമുഖത്തെത്തും.

സൗത്ത് കോൾ ബെർത്ത്

പുനർനിർമ്മിക്കും

ദ്രാവക അമോണിയ കൈകാര്യം ചെയ്യുന്ന സൗത്ത് കോൾ ബെർത്ത് (എസ്.സി.ബി)​ പുനർനിർമ്മിക്കാനുള്ള ധാരണാപത്രത്തിൽ കൊച്ചി തുറമുഖ ട്രസ്‌റ്റും ഫാക്‌ടും ഒപ്പുവച്ചു. 20.90 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. ഇതിൽ,​ 9.59 കോടി രൂപ 'സാഗർമാല" പദ്ധതിയിൽ ഉൾപ്പെടുത്തി ഷിപ്പിംഗ് മന്ത്രാലയം നൽകും. ബാക്കിച്ചെലവ് ഫാക്‌ടും കൊച്ചി തുറമുഖവും ചേർന്ന് വഹിക്കും.