rafael

ന്യൂഡൽഹി: റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമ മേഖലയിലെത്തി. സമുദ്രാതിർത്തിയിൽ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്‌തു. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനാണ് റഫാൽ വിമാനങ്ങളുടെ നിർമ്മാതാക്കൾ. മിസൈലുകൾ ഉൾപ്പെടെ ഘടിപ്പിച്ച് ആഗസ്റ്റ് രണ്ടാം പകുതിയോടെ വിമാനങ്ങൾ പൂർണമായും പ്രവർത്തനക്ഷമമാക്കും.

ചൈനയുമായി സംഘർഷം നിലനിൽക്കുന്ന അതിർത്തിയിലായിരിക്കും ആദ്യ ദൗത്യം. റാഫേൽ പറത്താൻ 12 പൈലറ്റുമാർ ഫ്രാൻസിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. 59,000 കോടി രൂപയ്ക്ക് 36 റാഫേൽ വിമാനങ്ങൾ വാങ്ങാനാണ് കരാർ ഒപ്പിട്ടത്.

9.3 ടൺ ആയുധങ്ങൾ റാഫേൽ വിമാനങ്ങൾക്ക് വഹിക്കാനാകും. ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കെൽപ്പുള്ള മിസൈലുകൾ സജ്ജമാക്കാം. 3,700 കിലോ മീറ്ററാണ് ഓപ്പറേഷണൽ റേഞ്ച്. മണിക്കൂറിൽ 2,222 കിലോ മീറ്ററിൽ കുതിക്കാം. 60,000 അടി ഉയരം താണ്ടാൻ ഈ വിമാനങ്ങൾക്ക് കഴിയും.

ഫ്രാൻസിൽ നിന്ന് തിങ്കളാഴ്ച ടേക്ക് ഒാഫ് ചെയ്ത അഞ്ചു വിമാനങ്ങൾ 7,000 കിലോ മീറ്റർ പിന്നിട്ടാണ് ഇന്ത്യയിലേക്കെത്തിയത്. കനത്ത സുരക്ഷാവലയത്തിലാണ് അംബാല വ്യോമത്താവളം. വ്യോമത്താവളം ഉൾപ്പെടുന്ന മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.