ന്യൂഡൽഹി: റാഫേൽ വിമാനങ്ങൾ ഇന്ത്യൻ പറന്നിറങ്ങി. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ കനത്ത സുരക്ഷാവലയത്തിലാണ് വിമാനങ്ങളെത്തിയത്. 3.10നായിരുന്നു ലാൻഡിംഗ്. ഫ്രാൻസിൽ നിന്ന് തിങ്കളാഴ്ച ടേക്ക്ഓഫ് ചെയ്ത അഞ്ചു വിമാനങ്ങൾ 7,000 കിലോ മീറ്റർ പിന്നിട്ടാണ് ഇന്ത്യയിലേക്കെത്തിയത്. നിശ്‌ചയച്ചിതലും വൈകിയാണ് അബുദാബിയിൽ നിന്ന് വിമാനങ്ങൾ പുറപ്പെട്ടത്. വ്യോമത്താവളത്തിന് ചുറ്റും വ്യോമ നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
വിദഗ്ധനായ പൈലറ്റും കമാൻഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നൽകിയത്. വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തിെ ആകാശക്കോട്ടയ്ക്ക് കാവലാകാനാണ് റാഫേൽ എത്തിയത്. വിമാനങ്ങൾ അംബാലയത്തിലെത്തിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്‌തു. ഇന്ത്യൻ സൈനിക ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ നിമിഷമെന്നും പ്രതിരോധമന്ത്രി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
നേരത്തെ സമുദ്രാതിർത്തിയിൽ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്‌തിരുന്നു. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനാണ് റാഫേൽ വിമാനങ്ങളുടെ നിർമ്മാതാക്കൾ. അകമ്പടിയായി രണ്ട് സുഖോയ് വിമാനങ്ങളും റാഫേൽ വിമാനങ്ങൾക്ക് ഒപ്പമുണ്ട്. മിസൈലുകൾ ഉൾപ്പെടെ ഘടിപ്പിച്ച് ആഗസ്റ്റ് രണ്ടാം പകുതിയോടെ റാഫേൽ വിമാനങ്ങൾ പൂർണമായും പ്രവർത്തനക്ഷമമാക്കും.
ഇന്ത്യയുടെ വ്യോമാതിർത്തി കടന്നയുടൻ റാഫേലിലേക്ക് ഐ.എൻ.എസ് കൊൽക്കത്തയിൽ നിന്ന് കൈമാറിയ സന്ദേശം പറന്നെത്തി. ''സ്വാഗതം റാഫേൽ, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ'' എന്നായിരുന്നു സന്ദേശം. ''ഡെൽറ്റ 63, ഗുഡ് ലക്ക്, ഹാപ്പി ഹണ്ടിംഗ് '' എന്ന് റാഫേലിൽ നിന്ന് മറുപടി തിരികെയെത്തി.
വിമാനങ്ങളുടെ സാങ്കേതിക മികവാണ് ഇന്ത്യ റാഫേൽ വിമാനങ്ങൾ വാങ്ങാൻ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചത്. വിലയുടെ കാര്യത്തിലും മറ്റ് വിമാനങ്ങളെക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യ വാങ്ങിയത്. മറ്റ് പല രാജ്യങ്ങളിലും റാഫേൽ വിമാനങ്ങൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. പല ദൗത്യങ്ങൾക്കും ഒറ്റ വിമാനം എന്നതാണ് റാഫേൽ വിമാനങ്ങളുടെ പ്രത്യേകത. മിറാഷ് വിമാനങ്ങളെക്കാൾ ഇരട്ടി ആക്രമണ ശേഷിയുമായാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നത്.
ചൈനയുമായി സംഘർഷം നിലനിൽക്കുന്ന അതിർത്തിയിലായിരിക്കും ആദ്യ ദൗത്യം. റാഫേൽ പറത്താൻ 12 പൈലറ്റുമാർ ഫ്രാൻസിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. 59,000 കോടി രൂപയ്ക്ക് 36 റാഫേൽ വിമാനങ്ങൾ വാങ്ങാനാണ് കരാർ ഒപ്പിട്ടത്. മൂന്ന് തരത്തിലുള്ള മിസൈലുകളാണ് ഇന്ത്യ റാഫേൽ വിമാനങ്ങളിൽ ഉപയോഗിക്കുന്നത്. എന്നാൽ ആയുധങ്ങൾ സംബന്ധിച്ച് കൂടുതൽ ഔദ്യോഗിക വിവരങ്ങളൊന്നും സേന പുറത്തുവിട്ടിട്ടില്ല.
9.3 ടൺ ആയുധങ്ങൾ റാഫേൽ വിമാനങ്ങൾക്ക് വഹിക്കാനാകും. ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കെൽപ്പുള്ള മിസൈലുകൾ സജ്ജമാക്കാം. 3,700 കിലോ മീറ്ററാണ് ഓപ്പറേഷണൽ റേഞ്ച്. മണിക്കൂറിൽ 2,222 കിലോ മീറ്ററിൽ കുതിക്കാം. 60,000 അടി ഉയരം താണ്ടാൻ ഈ വിമാനങ്ങൾക്ക് കഴിയും.