
' ക്രിക്കറ്റ് ദൈവം' സച്ചിൻ തെണ്ടുൽക്കർ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഡബിൾ സെഞ്ച്വറികൾ അധികം നേടാൻ താരത്തിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം മുൻ നായകൻ കപിൽ ദേവ്.
'സെഞ്ച്വറികൾ നേടുന്നതിലെ കഴിവ് ഡബിൾ,ട്രിപ്പിൾ സെഞ്ച്വറികൾ നേടുന്ന കാര്യത്തിൽ സച്ചിന് ഉണ്ടായിരുന്നില്ല. ഞാൻ കണ്ടതിൽവച്ച് ഏറ്റവും കഴിവുള്ള ക്രിക്കറ്റ് താരമാണ് അദ്ദേഹം. എങ്ങനെ സെഞ്ച്വറി നേടാം എന്ന് സച്ചിന് നന്നായിട്ടറിയാം.എന്നാൽ അതെങ്ങനെ ഡബിൾ,ട്രിപ്പിൾ ആക്കണമെന്ന് അറിയില്ല.കാരണം കരുണയില്ലാത്ത ബാറ്റ്സ്മാനായി മാറാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല'- കപിൽ ദേവ് പറഞ്ഞു.
ഡബിള്‍ സെഞ്ച്വറിക്കാരുടെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ പോലും ഇടം നേടാൻ 200 മത്സരങ്ങള്‍ കളിച്ച സച്ചിന് സാധിച്ചിട്ടില്ല. 12 ഡബിള്‍ സെഞ്ച്വറികളുമായി ഡോണ്‍ ബ്രാഡ്മാന്‍ നയിക്കുന്ന പട്ടികയില്‍ 12ാമതാണ് സച്ചിന്റെ സ്ഥാനം.
വൈദഗ്ദ്ധ്യംവച്ചു നോക്കൂകയാണെങ്കിൽ അഞ്ച് ട്രിപ്പിള്‍ സെഞ്ച്വറിയും പത്തിൽ കൂടുതൽ ഡബിള്‍ സെഞ്ച്വറിയും സച്ചിന്‍ നേടേണ്ടതായിരുന്നു. ഫാസ്റ്റ് ബൗളറെയും സ്പിന്നറെയും ഓവറില്‍ ഓരോ ബൗണ്ടറി വീതം നേടാന്‍ സച്ചിന് സാധിക്കുമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ഒരു ട്രിപ്പിള്‍ സെഞ്ച്വറി പോലും നേടാൻ പറ്റിയില്ലെന്ന് കപിൽ പറയുന്നു.
ആറ് ഡബിള്‍ സെഞ്ച്വറികള്‍ മാത്രമാണ് സച്ചിൻ നേടിയത്. 51 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ അദ്ദേഹത്തിന് ആദ്യത്തെ ഡബിള്‍ സെഞ്ച്വറി നേടാന്‍ 10 വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നു. 20 എണ്ണത്തില്‍ മാത്രമാണ് 150ന് മുകളില്‍ സ്‌കോര്‍ നേടാൻ കഴിഞ്ഞത്. സെഞ്ച്വറി നേട്ടത്തിന് ശേഷവും സിംഗിളുകളിലായിരുന്നു സച്ചിന്റെ ശ്രദ്ധ. ബൗളര്‍മാരോട് കരുണയില്ലാതെ പെരുമാറാൻ അദ്ദേഹത്തിന് കഴിയില്ല. എന്നാൽ ഏകദിനത്തില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയത് സച്ചിനാണെന്നും കപില്‍ കൂട്ടിച്ചേർത്തു.