തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കും വിടചൊല്ലി അരുവിക്കരയിലെ കുപ്പിവെള്ള പ്ളാന്റിൽ നിന്നുള്ള കുപ്പിവെള്ളം അടുത്ത മാസത്തോടെ വിപണിയിലെത്തും. തുടക്കത്തിൽ 20 ലിറ്ററിന്റെ കാനാണ് വിപണിയിലെത്തിക്കുക. ഒന്ന്, രണ്ട് ലിറ്റർ കുപ്പികളിലുള്ള വെള്ളം പിന്നീട് മാത്രമേ പുറത്തിറക്കൂ. 20 ലിറ്രർ കാനിന്റെ വിതരണം കുടുംബശ്രീയെ ഏൽപിക്കുന്നതും ആലോചിക്കുന്നുണ്ട്. അടുത്ത മാസം പകുതിയോടെ പ്ളാന്റിന്റെ ഉദ്ഘാടനം നടത്താനാണ് നടത്തിപ്പുകാരായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കിഡ്ക്) ലക്ഷ്യമിടുന്നത്.
ആഗസ്റ്റ് ആദ്യവാരം ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്സിന്റെ അംഗീകാരത്തിനായി പ്ളാന്റ് സമർപ്പിക്കും. വാട്ടർ അതോറിട്ടി നിർമ്മിച്ച പ്ളാന്റിന്റെ രൂപകൽപ്പനയിലെ അപാകതയെ തുടർന്നാണ് ബി.ഐ.എസ് അംഗീകാരം ലഭിക്കാതിരുന്നതെന്നാണ് കിഡ‌്ക് പറയുന്നത്. തുടർന്ന് കിഡ്ക്ക് തങ്ങളുടേതായ രീതിയിൽ പ്ളാന്റിലെ യന്ത്രങ്ങൾ പരിഷ്‌കരിച്ചാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്.
പ്ളാന്റും നടത്തിപ്പും
2006ലാണ് പ്ളാന്റ് സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയത്. പ്ലാന്റ് കമ്മിഷൻ ചെയ്യുന്നതിനും അതിനുശേഷമുള്ള ഉത്പാദനം, വിപണനം എന്നിവയടക്കമുള്ള നടത്തിപ്പ് കിഡ്ക്കിനെ ഏൽപ്പിക്കാനാണ് വാട്ടർ അതോറിട്ടി നേരത്തെ തീരുമാനിച്ചിരുന്നത്. തുടക്കത്തിൽ ലാഭത്തിന്റെ 50 ശതമാനം കൈമാറാമെന്നാണ് കിഡ്ക് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അവർ ആ നിലപാടിൽ നിന്ന് പിന്നോട്ട് പോയി. വാട്ടർ അതോറിട്ടി തീരുമാനിച്ചിരുന്ന 'തെളിനീർ' എന്ന പേര് ഉപയോഗിക്കാനാവില്ലെന്നും പ്ലാന്റിന്റെ നടത്തിപ്പിൽ അതോറിട്ടിയുടെ ഒരു മേൽനോട്ടവും പാടില്ലെന്നും കിഡ്ക് നിലപാടെടുത്തു. പിന്നാലെ പ്ളാന്റിന്റെ ചുമതല ഏഴ് വർഷത്തേക്ക് കിഡ്ക്കിന് സർക്കാർ കൈമാറി.
പദ്ധതിയുടെ മുഴുവൻ തുകയും സർക്കാരിന്റേതാണ്. വാട്ടർ അതോറിട്ടിക്ക് നിക്ഷേപമില്ലാത്തതിനാൽ ലാഭവിഹിതം നൽകില്ല. അതേസമയം പ്ളാന്റിന്റെ തറ വാടകയും വെള്ളക്കരവും വാട്ടർ അതോറിട്ടിക്ക് നൽകും. പ്ളാന്റിന്റെ പൂർണചുമതല ലഭിച്ചിരുന്നെങ്കിൽ വാട്ടർ അതോറിട്ടിക്ക് 50 ലക്ഷം രൂപ പ്രതിമാസം ലാഭം കിട്ടുമായിരുന്നു. പ്ലാന്റ് വിട്ടുകൊടുക്കേണ്ടി വന്നതോടെ ഫലത്തിൽ അത് നഷ്ടമായെന്ന് പറയാം.
പ്ളാന്റിന്റെ ശേഷി
പ്രതിദിന വിതരണശേഷി 1.8 ലക്ഷം ലിറ്റർ വെള്ളം. ഒരു ലിറ്ററിന്റെ 1.15 ലക്ഷം കുപ്പികൾ, 2 ലിറ്ററിന്റെ 1600 എണ്ണം, അര ലിറ്ററിന്റെ 16,456 എണ്ണം, 20 ലിറ്ററിന്റെ 2720 എണ്ണം എന്നിങ്ങനെയാകും പ്രതിദിന വിപണനം. മണിക്കൂറിൽ 7200 കുപ്പി വെള്ളം നിറയ്ക്കാവുന്ന രണ്ട് പ്ലാന്റുകൾ ഒരേസമയം പ്രവർത്തിക്കും. എട്ടു മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കുന്ന പ്ലാന്റിൽനിന്ന് ഒരു ഷിഫ്‌റ്റിൽ 58,000 കുപ്പി വെള്ളം ഉത്പാദിപ്പിക്കാനാവും.
ഹില്ലി അക്വ
അരുവിക്കര പ്ളാന്റിൽ നിന്നുള്ള കുപ്പിവെള്ളത്തിനും ഹില്ലി അക്വ എന്നാണ് പേര്. നിലവിൽ ഈ പേരിൽ കിഡ്ക് തൊടുപുഴയിലെ പ്ളാന്റിൽ നിന്ന് കുപ്പിവെള്ളം പുറത്തിറക്കുന്നുണ്ട്. ഒരു ലിറ്റർ കുപ്പിവെള്ളം 15നും രണ്ട് ലിറ്റർ 20 രൂപയ്ക്കും വിപണിയിലെത്തിക്കാനാണ് ലക്ഷ്യം. ഫാക്ടറി ഔട്ട്‌ലെറ്റുകളിൽ നിന്ന് നേരിട്ട് വാങ്ങിയാൽ ലിറ്ററിന് 10 രൂപ.