പുനഃസ്ഥാപിച്ചത് 1976ൽ നിറുത്തലാക്കിയ സംവരണം
ചെന്നൈ: ഈഴവ-തീയ്യ സമുദായങ്ങളെ തമിഴ്‌നാട് സർക്കാർ വീണ്ടും പിന്നാക്കവിഭാഗ സംവരണ പട്ടികയിൽ ഉൾപ്പെടുത്തി. 1976ൽ നിറുത്തലാക്കിയ സംവരണമാണിത്.
തമിഴ്‌നാടിന് പുറത്തുനിന്നുള്ള വിഭാഗങ്ങൾക്ക് നൽകേണ്ടെന്ന് തീരുമാനിച്ചാണ് 1976ൽ സംവരണം നിറുത്തലാക്കിയത്. തുടർന്ന്, തമിഴ്‌നാട്ടിലെ മലയാളി സംഘടനകളുടെ കൂട്ടായ്‌മയായ സി.ടി.എം.എ ഒട്ടേറെത്തവണ സർക്കാരിന് നിവേദനം നൽകി. 2008ൽ പിന്നാക്കവിഭാഗ കമ്മിഷൻ മുമ്പാകെയും വിഷയം അവതരിപ്പിച്ചു. 2016ൽ എസ്.എൻ.ഡി.പി യോഗം നീലഗിരി യൂണിയൻ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി, സർക്കാരിനോട് വിശദീകരണം തേടി. സംവരണം പുനഃസ്ഥാപിക്കാൻ തയ്യാറാണെന്ന് അറിയിച്ച സർക്കാർ, ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അതുല്യ മിശ്ര കമ്മിറ്റിയെ നിയോഗിച്ചു. കഴിഞ്ഞ മാസം 24ന് സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണ്, സംവരണം പുനഃസ്ഥാപിച്ച് എടപ്പാടി പളനിസ്വാമി സർക്കാർ ഉത്തരവിറങ്ങിയത്.
സംവരണം പുനഃസ്ഥാപിച്ച ശേഷമുള്ള സർട്ടിഫിക്കറ്റ് വിതരണം സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിർവഹിച്ചു. ഗോകുലം ഗോപാലൻ, മന്ത്രിമാരായ എ.പി. വേലുമണി, വി. വളർമതി, ഡെപ്യൂട്ടി സ്‌പീക്കർ പൊള്ളാച്ചി വി. ജയരാമൻ തുടങ്ങിയവർ സംബന്ധിച്ചു.
നന്ദി അറിയിച്ച് മലയാളികൾ
നാല് പതിറ്റാണ്ടോളം തമിഴ്‌നാട്ടിലെ മലയാളി സംഘടനകൾ നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് സംവരണം പുനഃസ്ഥാപിക്കപ്പെട്ടതെന്ന് സി.ടി.എം.എ മുൻ പ്രസിഡന്റ് എം. നന്ദഗോവിന്ദും, മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നതായി ജനറൽ സെക്രട്ടറി സോമൻ മാത്യുവും പറഞ്ഞു. സംവരണം പുനഃസ്ഥാപിച്ചതിൽ മലയാളി സംഘടനാ നേതാക്കൾ തമിഴ്‌നാട് സർക്കാരിനെ നന്ദി അറിയിച്ചു.