തിരുവനന്തപുരം: രോഗബാധിതരെയാകെ കണ്ടെത്താനുളള സർവയലൻസ് മെക്കാനിസമാണ് തലസ്ഥാനത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി. ലോകാരോഗ്യ സംഘടന വിവക്ഷിച്ചിരിക്കുന്ന മാർഗരേഖയ്ക്ക് അനുസൃതമായാണ് രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നത്. ജില്ലയിൽ ആദ്യമായി ക്ലസ്റ്റർ രൂപപ്പെട്ടത് ഈ മാസം 5ന് പൂന്തുറയിലാണ്.
ബീമാപള്ളി, പുല്ലുവിള മേഖലകളിൽ പതിനഞ്ചാം തീയതിയോടെയും രൂപപ്പെട്ടു. പിന്നീട് വലിയതുറ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കുളത്തൂർ, നെയ്യാറ്റിൻകര, പനവൂർ, കടയ്ക്കാവൂർ, കുന്നത്തുകാൽ, പെരുമാതുറ പുതുക്കുറുച്ചി തുടങ്ങിയ തീരദേശ മേഖലകളിലും ക്ലസ്റ്ററുകളുണ്ടായി. പൂന്തുറയിലും പുല്ലുവിളയിലും അനുവർത്തിച്ച പദ്ധതി മൂലം ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രദേശത്തിന് അനുയോജ്യമായ രീതിയിൽ രോഗനിയന്ത്രണ നിർവ്യാപന പ്രവൃത്തികൾ നടത്തുന്നുണ്ട്.
പാറശാല, പട്ടം, കുന്നത്തുകാൽ, പെരുങ്കടവിള, ബാലരാമപുരം, കാട്ടാക്കട തുടങ്ങിയ പ്രദേശങ്ങളിലും രോഗബാധ അധികരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഓരോന്നിലും രോഗനിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതുവരെ 39809 റുട്ടീൻ ആർ.ടി.പിസി.ആർ ടെസ്റ്റുകളാണ് ജില്ലയിൽ ചെയ്തത്.
ഇതിനു പുറമെ സമൂഹ വ്യാപനം ഉണ്ടോ എന്നറിയാൻ 6983 പൂൾഡ് സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഇന്നലെ 709 റുട്ടീൻ സാമ്പിളുകളും നൂറോളം പൂൾഡ് സാമ്പിളുകളുമാണ് ചെയ്തത്. ലോകാരോഗ്യ സംഘടന നിർദേശിച്ച റാപിഡ് ആന്റിജൻ ടെസ്റ്റുകളും നടത്തുന്നുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.